ക്രിപ്‌റ്റോകറൻസികൾക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ കഴിയുമെന്ന് അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹിലരി ക്ലിൻറൺ. ക്രിപ്‌റ്റോകറൻസി നേടിക്കൊണ്ടിരിക്കുന്ന വളർച്ചയിൽ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും ആത്യന്തികമായി മുഴുവൻ രാജ്യങ്ങളെയും ദുർബലപ്പെടുത്താൻ അതിന് കഴിയുമെന്നും ഹിലരി ക്ലിന്‍റൺ പറഞ്ഞു. സിംഗപ്പൂരിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിലെ ഒരു പാനൽ ചർച്ചയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
'അവയ്ക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ട്. അത് ചെറുതായി ആരംഭിച്ച്, വളരെ വലുതായി മുന്നോട്ട് പോകുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് സാധാരണ കറൻസിയെ തുരങ്കം വയ്ക്കാനും ഡോളറിനെ കേവലം റിസർവ് കറൻസി മാത്രമാക്കി മാറ്റാനുമുള്ള ശേഷിയുണ്ടെന്നും' അവർ മുന്നറിയിപ്പ് നൽകി പറഞ്ഞു. ലോകമെമ്പാടുമുള്ള സർക്കാരുകൾ തെറ്റായ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ നിരവധി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ വിമർശിക്കുന്നതിനിടയിലാണ് ഹിലരി ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തുവന്നത്. "ഹാക്കർമാരുടെയും വ്യാജ വിവരങ്ങളും സൈബർ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്ന വളരെ വലിയ സംഘത്തെ" പുടിൻ വിന്യസിച്ചതായി അവർ കുറ്റപ്പെടുത്തി. 2017ൽ ട്രംപിനെതിരെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് കാരണം റഷ്യയുടെയും പുടിന്‍റെയും ഇടപെടലാണെന്ന് ഹിലരി വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.