ന്യൂഡൽഹി: എ1, എ2 ഇനം പാലുകളും പാൽ ഉൽപന്നങ്ങളുമാണെന്ന അവകാശവാദം പാക്കറ്റുകളിൽ നിന്ന് ഓൺലൈൻ അടക്കമുള്ള വ്യാപാരികൾ നീക്കം ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) നിർദേശം. ഇത്തരത്തിൽ പാക്കേജുകളിൽ രേഖപ്പെടുത്തുന്നത് തെറ്റിദ്ധാരണകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.എസ്.എസ്.എ.ഐ നടപടി.
ഈ അവകാശവാദങ്ങൾ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ടുമായി ചേരുന്നതല്ലെന്ന് എഫ്.എസ്.എസ്.എ.ഐ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പാലിലെ ബീറ്റാ-കസീൻ പ്രോട്ടീന്‍റെ ഘടനയിൽ എ1, എ2 വ്യത്യാസം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിലവിലെ എഫ്.എസ്.എസ്.എ.ഐ നിയന്ത്രണങ്ങൾ ഈ വ്യത്യാസം തിരിച്ചറിയുന്നില്ല.
ഉൽപന്നങ്ങളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഇത്തരം അവകാശവാദങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും അധികൃതർ നിർദേശിച്ചിട്ടുണ്ട്. മുൻകൂട്ടി ലേബലുകൾ പ്രിന്‍റ് ചെയ്തിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
എഫ്.എസ്.എസ്.എ.ഐ ഉത്തരവ് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് പരാഗ് മിൽക്ക് ഫുഡ്സ് ചെയർമാൻ ദേവേന്ദ്ര ഷാ ചൂണ്ടിക്കാട്ടി. വിപണന തന്ത്രങ്ങളിലൂടെ വികസിപ്പിച്ച വിഭാഗങ്ങളാണ് എ1, എ2. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എ1 അല്ലെങ്കിൽ എ2 പാൽ ഉൽപന്ന വിഭാഗം നിലവിലില്ല. ആഗോളതലത്തിലും ഇത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.