ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന്, ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ശനിയാഴ്ച ഗണ്യമായ ഉയർച്ചയുണ്ടായതോടെയാണ് റിലയൻസ് ഗ്രൂപ്പിനെ മറികന്നത്. ബ്ലൂംബെർഗ് ബില്യനയർ സൂചിക പ്രകാരം 111 ബില്യൻ ഡോളർ ആസ്തിയുമായി 11-ാം സ്ഥാനത്താണ് അദാനി. 109 ബില്യൻ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി തൊട്ടുപിന്നിലുണ്ട്.
അടുത്ത പത്തു വർഷം 90 ബില്യൺ ഡോളർ മൂലധനച്ചെലവ് ഉൾപ്പെടെ ഗ്രൂപ്പിന്റെ വമ്പൻ പദ്ധതികൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് യു.എസ് സ്റ്റോക്ക് ബ്രോക്കറായ ജെഫറീസ് പുറത്തുവന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരികൾ കുതിച്ചുയർന്നു. ചില കമ്പനികളുടെ ഓഹരിവില 14 ശതമാനം വരെ ഉയർന്നു. ഇതിൽ ശനിയാഴ്ച വീണ്ടും കുതിപ്പുണ്ടായതോടെയാണ് റിലയൻസ് ഗ്രൂപ്പിനെ മറികടന്നത്.
അദാനി ഗ്രൂപ്പിന്റെ മികച്ച ദിവസങ്ങൾ വരാനിരിക്കുന്നതായി ഗൗതം അദാനി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മുന്നിലുള്ള പാത വൻ സാധ്യതകളോടെയാണ് നിർമിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് ഇന്ന് മുമ്പത്തേക്കാൾ ശക്തമാണെന്ന് തനിക്ക് ഉറപ്പു നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022ലും അദാനി ഏഷ്യയിലെ സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. 2022 സെപ്റ്റംബറിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായെങ്കിലും പിന്നീട് ഓഹരികളിൽ തിരിച്ചടി നേരിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.