വാഷിങ്ടൺ: മുഖ്യ സാമ്പത്തിക ഉപദേശകയായ ഗീത ഗോപിനാഥിനെ പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) തീരുമാനം. നിലവിലെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജെഫ്രി ഒകാമോട്ടോ അടുത്ത വർഷം സേവനം അവസാനിപ്പിക്കുന്ന ഒഴിവിലേക്കാണ് ഗീത ഗോപിനാഥിന്റെ നിയമനമെന്ന് ഐ.എം.എഫ് അറിയിച്ചു.
ജനുവരിയിൽ ഗീത ഗോപിനാഥ് മുഖ്യ സാമ്പത്തിക ഉപദേശക സ്ഥാനമൊഴിയുമെന്ന് ഐ.എം.എഫ് കഴിഞ്ഞ ഒക്ടോബർ 20ന് അറിയിച്ചിരുന്നു. മൂന്നു വർഷം സേവനം പൂർത്തിയായ സാഹചര്യത്തിലാണ് ഐ.എം.എഫ് ഇക്കാര്യം അറിയിച്ചത്. മാതൃസ്ഥാപനമായ ഹാർവഡ് യൂനിവേഴ്സിറ്റിയിലേക്ക് ഗീത മടങ്ങുമെന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
2018 ഒക്ടോബറിലാണ് 49കാരിയും മലയാളിയുമായ ഗീത ഗോപിനാഥിനെ ഐ.എം.എഫ് മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചത്. മൗരി ഒാബ്സ്റ്റ് ഫീൽഡിന്റെ പിൻഗാമിയായിരുന്നു നിയമനം. കണ്ണൂർ മയ്യിൽ സ്വദേശിയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഹാർവഡ് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറായ ഗീത ഗോപിനാഥ്, കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവഡിൽ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഒാഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
2018ൽ അമേരിക്കൻ ആർട്സ് ആൻഡ് സയൻസസ് അക്കാദമി ഫെലോ ആയി. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തിക നയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.