ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ വിമാനക്കമ്പനി നൽകിയ പാപ്പർ ഹരജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി (എൻ.സി.എൽ.ടി) വിധി പറയാൻ മാറ്റി. രണ്ടു ദിവസം നീണ്ട വാദത്തിൽ വാഡിയ ഗ്രൂപ് ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി തങ്ങളുടെ സാമ്പത്തികബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയം വേണമെന്ന് ആവശ്യപ്പെട്ടു.
തങ്ങളുടെകൂടി വാദം കേൾക്കാതെ പാപ്പർ നടപടികൾ തുടങ്ങരുതെന്ന് ‘ഗോ ഫസ്റ്റി’ന് ബാധ്യതകളുള്ള സ്ഥാപനങ്ങൾ അഭ്യർഥിച്ചു. ജസ്റ്റിസ് രാമലിംഗം സുധാകർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിമാനങ്ങൾ പാട്ടത്തിനു നൽകിയ കമ്പനികളെ ഇപ്പോൾ അവ തിരിച്ചെടുക്കാൻ അനുവദിക്കരുതെന്ന് ‘ഗോ ഫസ്റ്റ്’ കോടതിയിൽ ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഭാഗത്തുനിന്ന് കമ്പനിക്കെതിരായ നടപടികളുണ്ടാകരുതെന്നും കമ്പനി അഭ്യർഥിച്ചു. 11,463 കോടിയാണ് ‘ഗോ ഫസ്റ്റി’ന്റെ കടബാധ്യത.
ഇന്ധനം നൽകാനുള്ള കരാറുള്ളവർ അത് മുടക്കരുത്, വിമാനത്താവളങ്ങളിൽ വിമാനം നിർത്തിയിടാനുള്ള അനുമതി നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കമ്പനി ഉന്നയിച്ചിട്ടുണ്ട്.അതിനിടെ, മേയ് 15 വരെ ‘ഗോ ഫസ്റ്റ്’ ടിക്കറ്റ് വിൽപന നിർത്തിവെച്ചു. നിലവിൽ നടത്തിയ ബുക്കിങ്ങുകളിൽ പണം തിരികെ നൽകാനോ തീയതി പുതുക്കിനൽകാനോ ശ്രമം നടക്കുന്നുണ്ട്.
മേയ് ഒമ്പതുവരെയുള്ള വിമാനസർവിസുകൾ റദ്ദാക്കിയതായും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയ വിഷയത്തിൽ ഡി.ജി.സി.എ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.