കൊച്ചി: സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യൂനിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കുന്നത് മൂന്നുമാസം വരെ നീട്ടി. ധിറുതിപിടിച്ച് തീരുമാനം നടപ്പാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറാണ് നടപടി നീട്ടിയത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ, ഇത് നടപ്പാക്കുന്നതിൽ സാവകാശം തേടി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഹൈകോടതിയിൽ നൽകിയിരുന്ന ഹരജി തീർപ്പാക്കി.
നാലക്കമോ ആറക്കമോ വരുന്ന ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം അവസാനിപ്പിക്കാനെന്ന പേരിലാണ് ഏപ്രിൽ ഒന്ന് മുതൽ ഇത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മാർച്ച് 31ന് ശേഷം എച്ച്.യു.ഐ.ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനോ വാങ്ങാനോ അനുമതിയുണ്ടാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ആഭരണങ്ങളിൽ നിലവിലെ ഹാൾമാർക്ക് മുദ്ര മായ്ച്ചുകളഞ്ഞ് പുതിയ എച്ച്.യു.ഐ.ഡി മുദ്ര പതിക്കണമെന്ന നിർദേശം ഏറെ ബുദ്ധിമുട്ടും രണ്ട് മുതൽ അഞ്ച് മില്ലിഗ്രാം വരെ സ്വർണ നഷ്ടവും ഉണ്ടാവുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാറിന് നൽകിയ നിവേദനത്തിലെ ഈ ആവശ്യങ്ങളുന്നയിച്ചാണ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചത്. തീരുമാനം നീട്ടിവെക്കാനാവുമോയെന്ന കാര്യത്തിൽ ഹൈകോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിക്കവെ, തീരുമാനം നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചതായി കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഹരജിക്കാർ ചൂണ്ടിക്കാട്ടിയ വസ്തുതാപരവും നിയമപരവുമായ കാര്യങ്ങൾ ഇനിയും ഉന്നയിക്കാവുന്നതാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.