കുതികുതിച്ച് അജ്മാൻ റിയൽ എസ്റ്റേറ്റ്

അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളില്‍ സര്‍വ്വകാല റെക്കോഡ്. അജ്മാനിലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ പുറത്തിറക്കിയ പ്രതിമാസ റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി സെപ്തംബർ മാസത്തിൽ 877 ഇടപാടുകളിലായി ഒരു ശതകോടി ദിർഹമിന്‍റെ മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ മാസങ്ങളിലെ ഇടപാടുകൾ വിലയിരുത്തുമ്പോള്‍ ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണ് വ്യക്തമാക്കുന്നത്.

രണ്ടരക്കോടി ദിർഹമിന്‍റെ ഇടപാടുമായി ഇൻഡസ്ട്രിയൽ ഏരിയ -2 ഏറ്റവും ഉയർന്ന വിൽപ്പന മൂല്യം രേഖപ്പെടുത്തി. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് അജ്മാൻ നൽകുന്ന അസാധാരണമായ നേട്ടങ്ങളും സൗകര്യങ്ങളും എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിലുണ്ടായ വന്‍തോതിലുള്ള വികസനവും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണര്‍വുണ്ടാക്കിയതായും ഇത് നിക്ഷേപങ്ങളുടെ തോതില്‍ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കിയതായും ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി വ്യക്തമാക്കി.

അജ്മാന്‍റെ കിഴക്കൻ മേഖലയാണ് കൂടുതൽ വ്യാപാരം നടക്കുന്ന പ്രദേശം. തെക്കന്‍ മേഖലയും മസ്ഫൂത്തും തൊട്ടുപിന്നിലുണ്ട്. കോവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന് പിറകോട്ട് പോയ റിയല്‍ എസ്റ്റേറ്റ് മേഖല കൂടുതല്‍ കരുത്തോടെയാണ് വ്യാപാര രംഗത്ത് പ്രകടനം കാഴ്ച്ചവെക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് മേഖല വ്യാപാരം ഇരട്ടിയിലേറെ നേട്ടമുണ്ടാക്കുന്നുണ്ട്. ഈ മേഖലയില്‍ വിദേശികള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥാവകാശം നല്‍കുന്നതിനാല്‍ വന്‍ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നു.

ഏതാനും വര്‍ഷം മുന്‍പ് ഒരു വര്‍ഷം നടന്നിരുന്ന വ്യാപാര തോതാണ് കഴിഞ്ഞ ഒരു മാസം മാത്രം ഈ മേഖലയില്‍ പ്രകടമായത്.നിക്ഷേപങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ മലയാളികളും വന്‍ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഈ മേഖലയിലേക്ക് ഇനിയും കൂടുതൽ ആളുകളെ ആകര്‍ഷിക്കുന്നതിന് നിരവധി പദ്ധതികളാണ് അധികൃതര്‍ നടപ്പിലാക്കുന്നത്. 

Tags:    
News Summary - Huge increase in Ajman Real Estate sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.