മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 200 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. നേരത്തെ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്ന ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.
നേരത്തെ ഭീഷണി സന്ദേശം ലഭിച്ച ഇമെയിൽ അക്കൗണ്ടിൽ നിന്നും തന്നെയാണ് പുതിയ മെയിലും വന്നിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ആദ്യമെത്തിയ ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണിയെങ്കിൽ പുതിയ മെയിലിൽ തുക 200 കോടിയാക്കി ഉയർത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മുമ്പ് അയച്ച ഇമെയിലിന് നിങ്ങൾ മറുപടി നൽകിയില്ലെന്നും അതിനാൽ തുക 20 കോടിയിൽ നിന്നും 200 കോടിയാക്കി ഉയർത്തുകയാണെന്നും മെയിലിൽ പറയുന്നു. പണം തന്നില്ലെങ്കിൽ മുകേഷ് അംബാനിയുടെ മരണവാറണ്ടിൽ ഒപ്പിടുമെന്നും മെയിലിൽ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് മുകേഷ് അംബാനിക്ക് ആദ്യ ഭീഷണി ഇമെയിൽ ലഭിച്ചത്. തുടർന്ന് കമ്പനി അധികൃതരുടെ പരാതിയിൽ ഗാംദേവി പൊലീസ് കേസെടുത്തു. മുംബൈ ക്രൈംബ്രാഞ്ചും സമാന്തരമായി കേസന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. 20 കോടി രൂപ നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന ഭീഷണി സന്ദേശമാണ് ആദ്യമെത്തിയത്. ഇന്ത്യയിൽ തങ്ങൾക്ക് മികച്ച ഷൂട്ടർമാരുണ്ടെന്ന് ഇമെയിലിൽ മുന്നറിയിപ്പു നൽകിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
അംബാനി കുടുംബത്തിനുനേരെ മുമ്പും വധഭീഷണികളുണ്ടായിരുന്നു. 2022 ആഗസ്റ്റിൽ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച് മുകേഷിനെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ബിഹാറിലെ ദർഭൻഗയിൽനിന്ന് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ ഭീഷണിക്കത്തും സ്ഫോടക വസ്തുക്കളുമായി അംബാനിയുടെ വീടിനടുത്ത് നിർത്തിയിട്ട സ്കോർപികോ കാർ കണ്ടെത്തിയിരുന്നു. വാഹനം കണ്ടെത്തിയതിനുപിന്നാലെ വാഹന ഉടമ കൊല്ലപ്പെട്ടു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്ന സച്ചിൻ വാസെ അടക്കം മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.