മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ്-ടു-ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിച്ചു. ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (എ.പി.ഇ.ഡി.എ) സെക്രട്ടറി ഡോ. സുധാംഷുവിന്റെ നേതൃത്വത്തിൽ കാർഷിക, ഭക്ഷ്യ മേഖലകളിൽ നിന്നുള്ള 27 ഇന്ത്യൻ കമ്പനികളും 30ലധികം ഒമാനി കമ്പനികളും പങ്കെടുത്തു.
ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് പരിപാടിയായി. അരി, കോഴി, കാർഷിക ഉൽപന്നങ്ങൾ എന്നിങ്ങനെ ഇന്ത്യ മികവ് പുലർത്തുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകളും നടന്നു.
ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മാർക്കറ്റിങ് ഡയറക്ടർ ജനറൽ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം എൻജിനീയർ ഹുസൈൻ ഹസൻ അലി അബ്ദുൽഹുസിൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം റെദ ജുമാ അൽ സാലിഹ്, വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ എക്സ്പോർട്ട് ഡവലപ്മെന്റ് ഡയറക്ടർ ലുബ്ന അൽ ഹർത്തി എന്നിവർ വിശിഷ്ടാതിഥികളായി.
ഇന്ത്യയുടെ കാർഷിക കയറ്റുമതി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന അവസരങ്ങളും തന്ത്രങ്ങളും ഉയർത്തിക്കാട്ടുന്ന ഭക്ഷ്യ, കൃഷി, സമുദ്ര മേഖലകളെക്കുറിച്ചുള്ള സമഗ്രമായ വിപണി പഠന റിപ്പോർട്ട് അംബാസഡറും അതിഥികളും ചേർന്ന് പുറത്തിറക്കി.
പ്രതിനിധി സംഘം എംബസി സന്ദർശിക്കുകയും അംബാസഡറുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഭാവിയിൽ സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ച അവസരമൊരുക്കി.
കാർഷിക, ഭക്ഷ്യ ഉൽപാദനത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യ, വൈവിധ്യവും വിപുലവുമായ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. സമ്പന്നമായ കാർഷിക പൈതൃകം, നൂതനമായ രീതികൾ, ഗുണനിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതിക്ക് നിദാനം.
ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഒമാനിലേക്കുള്ള സന്ദർശനം ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഒമാനി പങ്കാളികളുമായി പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനും മികച്ച വേദിയായി മാറുകയും ചെയ്തു.
ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ നീണ്ട ചരിത്രം ഇന്ത്യയും ഒമാനും പങ്കിടുന്നുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ തുടർച്ചയായ ശ്രമങ്ങളാണ് നടന്നുവരുന്നത്.
ഇത് വ്യാപാര അളവുകളിൽ ഗണ്യമായ വളർച്ചക്കും വിവിധ മേഖലകളിലെ വൈവിധ്യവത്കരണത്തിനും കാരണമായി. ഉഭയകക്ഷി വ്യാപാരം 2020-21ലെ 5.4 മില്യൺ ഡോളറിൽ നിന്ന് 2022-23ൽ 12.3 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.