മുംബൈ: ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്.എം.ഇ) ഐ.പി.ഒകളുടെ ലിസ്റ്റിങ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കഴിഞ്ഞ ദിവസം സെബി തീരുമാനിച്ചു. ഐ.പി.ഒ നടത്തുന്ന കമ്പനികൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ രണ്ടെണ്ണത്തിൽ കുറഞ്ഞത് ഒരു കോടി രൂപ പ്രവർത്തന ലാഭം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വെച്ചതാണ് പ്രധാന മാറ്റം. ഐ.പി.ഒ വരുമാനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികളുണ്ടാകും.
ഇന്ത്യൻ ഓഹരി വിപണിയിൽ പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐ.പി.ഒകൾ പെരുകുന്നതും ഏതാണ്ടെല്ലാത്തിനും നല്ല ലിസ്റ്റിങ് നേട്ടമുണ്ടാവുകയും ചെയ്യുന്നതിനാലാണ് സെബിയുടെ ജാഗ്രതാ നീക്കം. പല ചെറുകിട കമ്പനികളുടെ ഐ.പി.ഒകൾക്കും നൂറ് ശതമാനത്തിന് മുകളിലാണ് ലിസ്റ്റിങ് നേട്ടം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഐ.പി.ഒക്ക് അപേക്ഷിക്കാൻ നിക്ഷേപകർ ഇരച്ചെത്തുകയാണ്. ഈ ആഴ്ച ഒമ്പത് കമ്പനികളാണ് ഐ.പി.ഒയുമായി വരുന്നത്. അടുത്തയാഴ്ചയും എട്ട് കമ്പനികളുടെ ഐ.പി.ഒ ഉണ്ട്.
ലിസ്റ്റിങ് ദിവസത്തെ വിപണി അന്തരീക്ഷവും ലിസ്റ്റിങ്ങിന് മുമ്പായി വരുന്ന അനുബന്ധ വാർത്തകളും സബ്സ്ക്രിപ്ഷൻ തോതുമെല്ലാം മാറ്റമുണ്ടാക്കാമെങ്കിലും ഗ്രേ മാർക്കറ്റ് പ്രീമിയം നോക്കിയാൽ ഏകദേശം പ്രതീക്ഷിക്കുന്ന ലിസ്റ്റിങ് നേട്ടം അറിയാം. നാക്ഡാക് ഇൻഫ്രാസ്ട്രക്ചർ (114 ശതമാനം), ഹാംപ്സ് ബയോ (108.4 ശതമാനം), യാഷ് ഹൈവോൾട്ടേജ് (68.5), സുപ്രീം ഫെസിലിറ്റി മാനേജ്മെന്റ് (31.6), പർപ്പിൾ യുനൈറ്റഡ് സെയിൽസ് (57.1), ടോസ് ദി കോയിൻ (117.6 , മമത മെഷിനറി (82), ഡാം കാപിറ്റൽ (52), ട്രാൻസ്റെയിൽ (33), ഐഡന്റിക്കൽ ബ്രെയിൻസ് സ്റ്റുഡിയോ (74), യൂനിമെക് എയറോ സ്പേസ് (52), ന്യൂ മലയാളം സ്റ്റീൽ (33) എന്നിങ്ങനെയാണ് വിവിധ എസ്.എം.ഇ കമ്പനികളുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജി.എം.പി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.