കൊരട്ടി: ജീവനക്കാരന് പുത്തൻ മെഴ്സിഡസ് ബെൻസ് സമ്മാനമായി നൽകി കൊരട്ടി ഇൻഫോ പാർക്കിലെ ഐ.ടി കമ്പനി. വെബ് ആൻഡ് ക്രാഫ്റ്റ്സ് (വാക്) ആണ് ജീവനക്കാരന് അപൂർവവും വിലയേറിയതുമായ സമ്മാനം നൽകിയത്. ഇടുക്കി കട്ടപ്പന സ്വദേശിയും കമ്പനി ചീഫ് ക്രിയേറ്റിവ് ഓഫിസറുമായ ക്ലിന്റ് ആന്റണി വാഹനം ഏറ്റുവാങ്ങി.
2012ൽ ആരംഭിച്ചത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് ആദ്യജീവനക്കാരനാണ്. വെബ് ആൻഡ് ക്രാഫ്റ്റിന് നിലവിൽ 320ൽ അധികം ജീവനക്കാരുണ്ട്. ലോകമെമ്പാടുമുള്ള 650ൽ അധികം ഇടപാടുകാർക്കായി വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു.
‘ഞങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനവും സംഭാവനകളും അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അവരിൽ ഒരാൾക്ക് പ്രത്യേക സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’-വാക്’ വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു.
ഇൻഫോ പാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി.ഇ.ഒ കെ.ജി. ഗിരീഷ് ബാബു, വെബ് ആൻഡ് ക്രാഫ്റ്റ്സ് മെന്റർ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോർപറേറ്റ് ട്രെയിനർ ഷമീം റഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.