ന്യൂഡൽഹി: രാജ്യത്ത് ജൂലൈയിൽ വീണ്ടും 4.83 ബില്ല്യൺ ഡോളർ വ്യാപാരകമ്മി. 18 വർഷത്തിൽ ആദ്യമായി ജൂണിൽ വ്യാപാര മിച്ചം രേഖപ്പെടുത്തിയിരുന്നു.
സ്വർണം, കീടനാശിനികൾ, ഭക്ഷ്യ എണ്ണ, മെഡിക്കൽ -ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിലെ ഇറക്കുമതി ജൂലൈയിൽ ഉയർന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മൊത്തത്തിൽ ചരക്ക് ഇറക്കുമതിയിൽ 28 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂണിൽ ഇത് 48 ശതമാനമായിരുന്നു.
രാജ്യത്തെ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും ഇടിവ് രേഖപ്പെടുത്തി. ചില പ്രത്യേക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉയർത്താനും കഴിഞ്ഞു. അരി, മറ്റു ധാന്യങ്ങൾ, ഇരുമ്പയിര്, എണ്ണക്കുരു, തൊഴിലധിഷ്ഠിത മേഖലകളിലെ ഉൽപ്പന്നങ്ങളായ പരുത്തി നൂൽ, കൈത്തറി, ചണം, പരവതാനി, ഗ്ലാസ്വെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഉയർന്നു. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ 50 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഒഴികെയുളള ഉൽപ്പന്നങ്ങളിൽ കയറ്റുമതി ഉയർന്നത് പ്രോത്സാഹന ജനകമായ പ്രവണതയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
കോവിഡ് 19 നെ തുടർന്നുണ്ടായ മാന്ദ്യത്തിൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതിനാലായിരിക്കാം സ്വർണ ഇറക്കുമതിയിൽ വൻവർധനയുണ്ടായതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.