കൽപറ്റ: കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം വിളനാശം കൂടിക്കൊണ്ടിരിക്കുമ്പോഴും കർഷകർക്ക് ആശ്വാസമായി കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ഒരു ക്വിന്റൽ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കിൽ വ്യാഴാഴ്ച മാർക്കറ്റ് വില 36,000 രൂപയിലെത്തി.
ഇതിന് ആനുപാതികമായി ഉണ്ടക്കാപ്പിക്കും വിലവർധനയുണ്ടായിട്ടുണ്ട്. ഉണ്ടക്കാപ്പി ക്വിന്റലിന് കഴിഞ്ഞ ഏപ്രിലിൽ ശരാശരി 12,100 രൂപവരെ ആയിരുന്നെങ്കിൽ 20,700 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യക്കാർ വർധിച്ചതാണ് വിലവർധനക്ക് കാരണമായി പറയുന്നത്. കർണാടക കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം കാപ്പി ഉൽപാദിപ്പിക്കുന്നത് വയനാട്ടിലാണ്.
ജില്ലയിലെ കാപ്പി ഉൽപാദനം പ്രതിവർഷം ശരാശരി ഒരു ലക്ഷം ടണ്ണിന് മുകളിലാണ്. വയനാടൻ കാപ്പിക്ക് രാജ്യാന്തര വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. അതേസമയം, കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കുരുമുളക് വിലയിലും മാറ്റം കണ്ടുതുടങ്ങിയത് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ മാസം അവസാന വാരം കുരുമുളക് കിലോക്ക് 500 രൂപയിൽ താഴെയായിരുന്നു വില. എന്നാൽ, വ്യാഴാഴ്ച 540 രൂപയാണ് വയനാടൻ കുരുമുളകിന് ലഭിച്ചത്. കുരുമുളക് ചേട്ടന് 535 രൂപയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.