കെ.എഫ്.സി ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നു; സർക്കാർ മേഖലയിൽ ഇതാദ്യം

കോട്ടയം: കേരളാ ഫിനാൻഷ്യൽ കോർപറേഷൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്ത അഞ്ചു വർഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാർഡുകൾ ആയിരിക്കും നൽകുക എന്ന് കെ.എഫ്.സി - സി.എംഡി ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കാർഡുകളുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇത് പ്രാവർത്തികമാക്കുക.

കെ.എഫ്.സി കാർഡുകൾ ഉപയോഗിച്ച് എ.ടി.എം, പിഓസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി സാധാരണ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇത്കൂടാതെ കാർഡുകൾ കെ.എഫ്.സിയുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും.

ഇനി മുതൽ കെ.എഫ്.സി സംരംഭകർക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും. കാർഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോൾ വായ്പാ വിനിയോഗം കൃത്യമായി കെ.എഫ്.സിക്ക് നേരിട്ട് നിരീക്ഷിക്കാനാകും എന്നും സി.എം.ഡി പറഞ്ഞു.

മുൻകാലങ്ങളിൽ കെ.എഫ്.സി വായ്പകളിലേക്കുള്ള തിരിച്ചടവ് മാസം തോറും ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറും അല്ലെങ്കിൽ ദിനംതോറും എന്ന രീതിയിൽ മാറ്റിയിട്ടുണ്ട്. ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. കാർഡ് സംവിധാനം നിലവിൽ വന്നാൽ ഇത്തരം തിരിച്ചടവ് കുറച്ചുകൂടി ലളിതമാകും. കറൻസി ഇടപാടുകൾ നിർത്തലാക്കി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഒരു പ്രധാന പടിയാണിത്.

ഇതിനു പുറമെ കോർപറേഷൻ ജീവനക്കാർക്കും ഡെബിറ്റ് കാർഡ് നൽകും. അവരുടെ ശമ്പളവും മറ്റ് അലവൻസുകളും ഈ രീതിയിൽ നൽകുന്നതാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്നത് എന്ന് തച്ചങ്കരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.