വിദേശരാജ്യങ്ങളിൽ വിപണി കണ്ടെത്താൻ ഖാദി ബോർഡ്; ആദ്യം ദുബൈയിൽ

കൊച്ചി: ചരിത്രത്തിലാദ്യമായി വിദേശത്ത് ഖാദി വസ്ത്രങ്ങളുടെ വില്‍പനക്ക്​ വേദിയൊരുങ്ങിയതായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ കേന്ദ്രീകരിച്ചുള്ള മലയാളി സംഘടനയുടെ നേതൃത്വത്തിലാണ്​ വില്‍പന.

ദുബൈ ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മയായ ഓര്‍മ (ഓവര്‍സീസ് മലയാളി അസോസിയേഷന്‍) എന്ന സംഘടന ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ അല്‍ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. രണ്ടുദിവസത്തെ കേരളോത്സവത്തില്‍ 20,000ത്തിലധികം മലയാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേരളോത്സവ നഗരി സന്ദര്‍ശിച്ച് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഖാദി ബോര്‍ഡിന്റെ നെറ്റ് വര്‍ക്ക് ശൃംഖലയായ ഖാദി ലവേഴ്‌സ് കൂട്ടായ്മയില്‍ വിദേശ മലയാളികള്‍കൂടി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഓര്‍മ ഇതിന് മുന്നിട്ടിറങ്ങിയത്. ഇതേ മാതൃകയില്‍ മറ്റ് വിദേശ രാജ്യങ്ങളിലെ മലയാളികളും ഖാദി ലവേഴ്‌സ് കൂട്ടായ്മയില്‍ പങ്കാളികളാകണമെന്ന് ജയരാജന്‍ അഭ്യര്‍ഥിച്ചു.

ഫ്ലിപ്കാര്‍ട്ടിലും ഖാദി ലവേഴ്‌സ് നെറ്റ് വര്‍ക്ക് വഴിയും ഓണ്‍ലൈന്‍ വില്‍പനയുമുണ്ട്. ശബരിമല തീർഥാടകര്‍ക്ക് ആവശ്യമായ ഖാദി വസ്ത്രങ്ങളുടെ കിറ്റ് വില്‍പനയും നിലയ്ക്കലില്‍ ആരംഭിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സി. സുധാകരന്‍, എറണാകുളം ജില്ല പ്രോജക്ട് ഓഫിസര്‍ പി.എ. അഷിത എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Khadi Board with marketing of Khadi in foreign countries; First in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.