കൊച്ചി: കോവിഡ് ആഘാതം ചെറുക്കാൻ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ 100കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും അഞ്ചുലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും. പൊതുമേഖല ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാൻ എസ്.ബി.ഐ ചെയര്മാന് ദിനേശ് ഖാരയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ചെയര്മാന് രാജ്കിരന്‍ റായും ഐ.ബി.എ ചീഫ് എക്സിക്യൂട്ടിവ് സുനില്‍ മേത്തയും നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ചുള്ള കോവിഡ് വായ്പ പദ്ധതിയില്‍ മൂന്നുവിഭാഗം വായ്പകളുണ്ട്. വാക്സിന് നിര്‍മാതാക്കള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, ഓക്സിജന്‍ നിര്‍മാതാക്കളും വിതരണക്കാരും, വാക്സിെൻറയും കോവിഡ് അനുബന്ധ മരുന്നുകളുെടയും ഇറക്കുമതിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള വായ്പകളും കോവിഡ് ബാധിതർക്ക് ചികിത്സ വായ്പകളും ഇതില്‍ ഉള്‍പ്പെടും.
ഓക്സിജന്‍ പ്ലാൻറുകള്‍ സ്ഥാപിക്കാന്‍ ഇ.സി.ജി.എല്‍.എസ് പ്രകാരം പരമാവധി 7.5 ശതമാനം നിരക്കില്‍ രണ്ടുകോടി രൂപ വരെയാവും ആശുപത്രികള്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും വായ്പ നല്‍കുക. ആരോഗ്യസേവന സംവിധാനങ്ങള്‍ സ്ഥാപിക്കാനും ഉല്പന്നങ്ങള് നിര്‍മിക്കാനുമായി 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും നല്‍കും. ശമ്പളക്കാര്‍, ശമ്പളക്കാരല്ലാത്തവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ചികിത്സക്ക് 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള അണ് സെക്യേഡ് പേഴ്സനല്‍ വായ്പകളും നല്‍കും. ഈ വായ്പകളെല്ലാം കുറഞ്ഞ നിരക്കിലാവും പൊതുമേഖല ബാങ്കുകള്‍ നല്‍കുക.
പുറമെ ബിസിനസ് വായ്പകള്‍ മൂന്നുവിഭാഗത്തിലായി പുനഃക്രമീകരിക്കാനും തീരുമാനമായി. നിര്‍ദിഷ്ട ചെറുകിട സംരംഭങ്ങളുടെ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍, 10 ലക്ഷം മുതല്‍ 10 കോടി രൂപ വരെയുള്ള വായ്പകള്‍, 10 കോടി രൂപക്കുമുകളിലുള്ള വായ്പകള്‍ എന്നിവയാണ് മൂന്നു വിഭാഗത്തിലായി പുനഃക്രമീകരിക്കുക.
വ്യക്തിഗത വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് പൊതുവായുള്ള നടപടിക്രമങ്ങളും വിവിധ ഘട്ടത്തിലായവക്കുള്ള രീതികളും ആവിഷ്കരിക്കും. പൊതുഅപേക്ഷയും വിശകലനരീതികളും ഉണ്ടാകും. ഇതിന് രേഖകള്‍ ലളിതമാക്കും. റിസര്‍വ് ബാങ്ക് നിർദേശമനുസരിച്ച് അര്‍ഹരായ ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ പുനഃക്രമീകരിക്കുന്നത് അടക്കമുള്ള നിരവധി നടപടികളും എസ്.ബി.ഐയുെടയും ഐ.ബി.എയുെടയും ചെയര്മാന്മാര് വിശദീകരിച്ചു. റിസര്‍വ് ബാങ്ക് കഴിഞ്ഞ അഞ്ചിന് പ്രഖ്യാപിച്ച നടപടികളുടെ തുടര്‍ച്ചയായാണ് പൊതുമേഖല ബാങ്കുകളുടെ ഈ നടപടി. അടിയന്തര വായ്പ ഗാരൻറി പദ്ധതി ഈ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.