മുംബൈ: വായ്പ തട്ടിപ്പ് കേസിൽ സി.ബി.ഐ കസ്റ്റഡിയിലുള്ള വി.ഐ.പി പ്രതികൾക്ക് സവിശേഷ സൗകര്യമൊരുക്കാൻ സി.ബി.ഐ കോടതി അനുമതി. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ് സ്ഥാപകൻ വേണുഗോപാൽ ദൂത് എന്നിവർക്ക് പ്രത്യേക കിടക്കകളും വീട്ടിൽനിന്നുള്ള ഭക്ഷണവും ഉപയോഗിക്കാനാണ് കോടതി അനുമതി നൽകിയത്.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അനുമതി തേടിയതിനെ തുടർന്നാണ് കോടതി ഉത്തരവ്. ഒരു കസേര, പ്രത്യേക കിടക്കകൾ, തലയണകൾ, തൂവാലകൾ, പുതപ്പുകൾ, ബെഡ് ഷീറ്റുകൾ എന്നിവ ഉപയോഗിക്കാനാണ് കൊച്ചാറും ദൂതും അനുമതി തേടിയത്. സ്വന്തം ചെലവിൽ ഇവ ഉപയോഗിക്കാൻ കോടതി അനുമതി നൽകി. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും മരുന്നുകളും കഴിക്കാനും അവർക്ക് അനുവാദമുണ്ട്.
പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി മൂവരെയും ഡിസംബർ 28 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ എല്ലാ ദിവസവും ഒരു മണിക്കൂർ അഭിഭാഷകരുടെ സഹായം തേടാൻ കോടതി അനുവദിച്ചു. കസ്റ്റഡിയിൽ ആവശ്യമുള്ളപ്പോൾ ഇൻസുലിൻ എടുക്കാൻ ദൂതിനെ സഹായിക്കാൻ ഒരു പരിചാരകനെ അനുവദിക്കാമെന്ന് കോടതി പറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദൂതിനെ തിങ്കളാഴ്ച രാവിലെ മുംബൈയിൽനിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കൊച്ചാർ ദമ്പതികൾ വലയിലായത്. 2019ലെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചനക്കാണ് അറസ്റ്റ്. ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ, ബാങ്കിന്റെ ക്രെഡിറ്റ് പോളിസി എന്നിവ ലംഘിച്ച് വിഡിയോകോൺ ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.