150 കോടി മുതൽമുടക്കിൽ ‘ലുലു’ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം ഉദ്ഘാടനം ഈ മാസം

കൊച്ചി: കേരളത്തിൽ ലുലു ഗ്രൂപ്പിൻറെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

സമുദ്ര വിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾക്കായി മാത്രം പ്രത്യേക യൂണിറ്റുമുണ്ട്. ഡന്മാർക്കിൽ നിന്നും അത്യാധുനിക മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 800 ലധികം ആളുകൾക്കാണ് പുതുതായി തൊഴിൽ ലഭ്യമാകും. രണ്ട് യൂണിറ്റുകളിലുമായി മാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യു.കെ, യു.എസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരൻ പറഞ്ഞു.

ലുലു ഗ്രൂപ്പിൻറെ കയറ്റുമതി ഡിവിഷനായ ഫെയർ എക്സ്പോർട്സ് ഇന്ത്യ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 6,200 കോടി രൂപയുടെ പഴം പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിഹിതം 560 കോടി രൂപയുടെ ഉത്പ്പന്നങ്ങളാണ്.

2023-24 സാമ്പത്തിക വർഷത്തിൽ പഴം പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ ഉൾപ്പെടെ 10,000 കോടി രൂപയുടെ കയറ്റുമതിയാണ് ഫെയർ എക്സ്പോർട്സ് ഇന്ത്യയിൽ നിന്നും ലക്ഷ്യമിടുന്നതെന്ന് ഫെയർ എക്സ്പോർട്സ് സി.ഇ.ഒ നജിമുദ്ദീൻ ഇബ്രാഹിം പറഞ്ഞു.

അരൂരിനു ശേഷം തെലങ്കാന സംസ്ഥാനത്തും അത്യാധുനിക രീതിയിലുള്ള ഉൾനാടൻ മത്സ്യവിഭവ സംസ്കരണ കേന്ദ്രം ആരംഭിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടന പ്രഖ്യാപനത്തോടനുബന്ധിച്ച് തെലങ്കാന വ്യവസായ - ഐടി മന്ത്രി കെ.ടി. രാമറാവുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്.

Tags:    
News Summary - Lulu Group’s seafood processing export center at Arur is getting ready for inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.