ന്യൂഡൽഹി: സെബി മേധാവി മാധബി ബുച്ചിനെതിരെ വീണ്ടും വിമർശനവുമായി ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച്. ആഴ്ചകളായി സെബി മേധാവി തുടരുന്ന മൗനത്തിലാണ് വിമർശനം. പുതുതായി ഉയർന്ന് വരുന്ന ഓരോ വിഷയത്തിലും സെബി മേധാവി മൗനം തുടരുകയാണെന്ന് ഹിൻഡൻബർഗ് റിസർച്ച് വിമർശിച്ചു.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മഹീന്ദ്ര & മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ.റെഡ്ഡീസ്, പിഡിലൈറ്റ് തുടങ്ങിയ കമ്പനികൾ പണം നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മൗനം തുടരുന്ന സെബി മേധാവിയുടെ നടപടിക്കെതിരെയാണ് ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തിയത്.
അതേസമയം, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചുവരുത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് ആവശ്യപ്പെട്ടിരുന്നു. ജൽ ജീവൻ മിഷന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് സെബി മേധാവിയെ പാനലിന് മുമ്പാകെ ഹാജരാക്കണമെന്ന് റോയ് ആവശ്യപ്പെട്ടത്.
എന്നാൽ, ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ ഈ ആവശ്യത്തെ എതിർത്തു. കേന്ദ്ര സർക്കാറിന്റെ ഉത്തരവില്ലാതെ സി.എ.ജി പ്രിൻസിപ്പൽ ഓഡിറ്റർക്ക് സെബിയെ ഓഡിറ്റ് ചെയ്യാൻ കഴിയില്ലെന്നും ധനകാര്യത്തിലെ പിഴവുകളുടെ തെളിവില്ലാതെ പി.എ.സിക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നും ദുബെ യോഗത്തിൽ പറഞ്ഞു. ഏറ്റവും പഴക്കമുള്ള പാർലമെന്‍ററി പാനലായ പി.എ.സിക്ക് അതിന്റെ നിർവചിക്കപ്പെട്ട നിയമങ്ങൾ ഉണ്ടെന്നും സ്വമേധയാ കേസെടുത്താൽ അത് തെളിവുകൾ സഹിതം തെളിയിക്കേണ്ടതുണ്ടെന്നും ദുബെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.