വാഷിങ്ടൺ: കോവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്തെ മിക്ക കമ്പനികളും 'വർക് ഫ്രം ഹോം' സമ്പ്രദായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സ്ഥിരമായി വർക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താൻ അനുവദിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.
കോവിഡ് മഹാമാരി പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ മൈക്രോസോഫ്റ്റിെൻറ ഭൂരിഭാഗം ജീവനക്കാരും നിലവിൽ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. അടുത്ത വർഷം ജനുവരിയെങ്കിലും ആകാതെ അമേരിക്കയിലെ ഓഫിസുകൾ തുറക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
'പുതിയ രീതികളിൽ ചിന്തിക്കാനും ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് നമ്മളെല്ലാവരെയും വെല്ലുവിളിച്ചിരിക്കുകയാണ്' -മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫിസർ കാത്ലീൻ ഹോഗൻ ജീവനക്കാർക്കയച്ച കത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
'വ്യവസായിക ആവശ്യങ്ങൾ സന്തുലിതമാക്കുകയും നമ്മുടെ സംസ്കാരം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്ത് വ്യക്തിഗതമായ ജോലിരീതികളെ പിന്തുണയ്ക്കുന്നതിന് ഞങ്ങൾ കഴിയുന്നത്ര പിന്തുണ നൽകും'- വാർത്ത ഏജൻസിക്കയച്ച പ്രസ്താവനയിൽ മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. എന്നാൽ ഇത് വർക്ഫ്രം ഹോം ഉദ്ദേശിച്ചാണോ എന്ന് വ്യക്തമല്ല.
ജീവനക്കാർക്ക് തങ്ങളുടെ മാനേജർമാരുടെ അംഗീകാര പ്രകാരം പുറത്ത് സ്ഥിരമായി ജോലിയെടുക്കാൻ സാധിക്കും. ആഴ്ചയുടെ 50 ശതമാനത്തിൽ താഴെ അംഗീകാരമില്ലാതെ ഓഫീസിന് പുറത്ത് ചെലവഴിക്കാനും കഴിയും. മൈക്രോസോഫ്റ്റിെൻറ ലാബിൽ പ്രവർത്തിക്കുകയും മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്യുന്നവർക്ക് ഈ പദ്ധതി പ്രകാരം സ്ഥിരം വർക്ഫ്രം ഹോമിലേക്ക് മാറാൻ സാധിക്കില്ല. ജീവനക്കാർക്ക് യു.എസിെൻറ വിവിധ ഭാഗങ്ങളിലേക്കോ വേണ്ടിവന്നാൽ വിദേശത്തേക്കോ മാറാൻ സാധിക്കും.
എന്നാൽ അവരുടെ മാറ്റമനുസരിച്ച് വേതനത്തിൽ മാറ്റമുണ്ടാകും. ജീവനക്കാരുടെ ഹോം ഓഫിസിെൻറ ചെലവുകൾ കമ്പനി വഹിക്കുമെങ്കിലും സ്ഥലം മാറിപ്പോകുന്നതിനുള്ള ചെലവുകൾ ജീവനക്കാരൻ നോക്കണം. ജൂൺ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മൈക്രോസോഫ്റ്റിന് മൊത്തത്തിൽ 1,63,000 ജീവനക്കാരുണ്ട്. അവരിൽ 96000 പേരും യു.എസിലാണ്.
സാമൂഹിക മാധ്യമ ഭീമൻമാരായ ഫേസ്ബുക്കും സ്ഥിരം വർക്ഫ്രം ഹോം പരിപാടി ആരംഭിച്ചുകഴിഞ്ഞു. അടുത്ത അഞ്ച് മുതൽ 10 വർഷം കൊണ്ട് ഫേസ്ബുക്കിലെ പകുതി തൊഴിലാളികൾ വർക്ഫ്രം ഹോമിലേക്ക് മാറുമെന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.