എൽ&ടി മേധാവിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന് കമ്പനിയുടെ എച്ച്.ആർ മാനേജർ

എൽ&ടി മേധാവിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന് കമ്പനിയുടെ എച്ച്.ആർ മാനേജർ

ന്യൂഡൽഹി: എൽ&ടി മേധാവിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന് കമ്പനിയുടെ എച്ച്.ആർ മേധാവി. 90 മണിക്കൂർ ജോലി ചെയ്യണമെന്ന എസ്.എൻ സുബ്രമണ്യ​ന്റെ പ്രതികരണം സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തതാണെന്ന് എച്ച്.ആർ മാനേജർ സോണിക്ക മുരളീധരൻ പറഞ്ഞു.

എസ്.എൻ സുബ്രമണ്യന്റെ വാക്കുകൾ സന്ദർഭത്തിൽ അടർത്തിമാറ്റി തെറ്റിദ്ധാരണകൾക്കും അനാവശ്യ വിമർശനങ്ങൾക്കും കാരണമാവുന്നത് നിരാശാജനകമാണെന്ന് സോണിക്ക പറഞ്ഞു. 90 മണിക്കൂർ ജോലി ചെയ്യണ​മെന്ന് അദ്ദേഹം ഒരിക്കലും പറയുകയോ കമ്പനിയിൽ നടപ്പാക്കുകയോ ചെയ്യില്ലെന്ന് സോണിക്ക പറഞ്ഞു.

സ്വന്തം ടീമിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നയാളാണ് സുബ്രമണ്യം. സ്വന്തം ടീമിനെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള ഒരു അന്തരീക്ഷം എപ്പോഴും അദ്ദേഹം സൃഷ്ടിക്കാറുണ്ട്. അ​ദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നത് വ്യക്തികളെ സംബന്ധിച്ചടുത്തോളം പരിവർത്തനത്തിനുള്ള ഒരു അവസരം കൂടിയാണ് നൽകുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇട​പെടലും ഒരു മാസ്റ്റർക്ലാസ് അനുഭവമാണ് പകർന്നു നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.

സുബ്രമണ്യത്തെ പോലുള്ള നേതാക്കൾ ജീവനക്കാരുടെ പോസിറ്റീവായ മാറ്റത്തിന് പ്രചോദനം നൽകുകയാണ് ചെയ്യുന്നത്. അത്തരം ശ്രമങ്ങളെ തിരിച്ചറിയേണ്ടതിന് പകരം വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. തങ്ങളുടെ ടീമുകളെ ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മേധാവിമാരെ നമുക്ക് പിന്തുണക്കാമെന്ന് പറഞ്ഞാണ് എച്ച്.ആർ മേധാവി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി എൽ&ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂവെന്നായിരുന്നു സുബ്രമണ്യൻ പറഞ്ഞത്.

Tags:    
News Summary - "Misinterpreted": L&T's Head HR Backs Chief Over 90-Hour Workweek Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.