ന്യൂഡൽഹി: 'ഐ.എൻ.എക്‌സ് മീഡിയയുടെ ഉടമകള്‍ അംബാനിയും അദ്ദേഹത്തിെൻറ കുടുംബവും സുഹൃത്തുക്കളുമാണെന്ന്' 2018ൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇഡി) പീറ്റര്‍ മുഖര്‍ജി നല്‍കിയ മൊഴി വിവാദമാവുന്നു. കുപ്രസിദ്ധമായ ഐ.എൻ.എക്‌സ് മീഡിയ കൈക്കൂലി കേസുമായി ബന്ധപ്പെട്ടുള്ള ഇൗ സുപ്രധാന മൊഴിയിൽ യാതൊരു അന്വേഷണവും അന്ന് നടന്നിരുന്നില്ല. അതേസമയം, മുഖ്യപ്രതിയും ടെലിവിഷൻ എക്സിക്യൂട്ടീവുമായ പീറ്റർ മുഖർജിയും ഭാര്യ ഇന്ദ്രാണി മുഖർജിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി പി. ചിദംബരവും അദ്ദേഹത്തിെൻറ മകൻ കാർത്തി ചിദംബരവും അറസ്റ്റിലായിരുന്നു.
ചിദംബരവുമായും മകനുമായും അംബാനി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും റിലയൻസുമായുള്ള അവരുടെ ദൈനംദിന ഇടപാടുകൾ അവരുടെ എക്സിക്യൂട്ടീവുകൾ വഴിയാണെന്നും പീറ്റർ മുഖർജിയ ഇ.ഡിയോട് പറഞ്ഞു. അതോടൊപ്പം കാര്‍ത്തി ചിദംബരത്തിന് നല്‍കിയ കൈക്കൂലി അംബാനിയുടെ കമ്പനിയാണ് നല്‍കിയത്. പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും നിന്നിരുന്ന സ്ഥാപനത്തിെൻറ ഉടമസ്ഥാവകാശം മറയാക്കിയാണ് ഇതെല്ലാം ചെയ്തതെന്നുമാണ് മൊഴി.
അതേസമയം ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുകയും, അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മുകേഷ് അംബാനിയെയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരെയോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. അവർ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയാൻ പോലും ഇഡിക്ക് സാധിച്ചിട്ടുമില്ല. റിലയന്‍സിനെതിരായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ഇഡി ശ്രമിച്ചില്ല. എന്നാൽ, രണ്ട് വര്‍ഷമായിട്ടും ചിദംബരത്തെ വേട്ടയാടുന്നതിലാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്.
ഇക്കാര്യത്തെ കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഇഡി മറുപടി നല്‍കിയിട്ടില്ലെന്ന് 'ദ വയർ' വെബ്പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. 'ദ വയർ' ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യാവലി റിലയന്‍സ് ഇൻഡസ്ട്രീസിന് അയച്ചെങ്കിലും ഇതുവരെ അക്കാര്യത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. ഇഡി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അനുവാദമില്ലെന്നാണ് അറിയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുകേഷ് അംബാനിക്ക് വേണ്ടി 40 ശതമാനം ഓഹരികള്‍ ഇന്ദ്രാണിയുടെ കൈവശമായിരുന്നുവെന്നും പീറ്റര്‍ മുഖര്‍ജിയുടെ മൊഴിയിൽ പറയുന്നുണ്ട്. എൻ.എസ്.ആർ.പി അംബാനിയുടെ സുഹൃത്തുക്കളുടെ കൈവശം ഉണ്ടായിരുന്ന കമ്പനിയാണെന്നും, ഇവര്‍ മറ്റൊരു 20 ശതമാനം ഓഹരി കൂടി കമ്പനിയില്‍ നേടിയിരുന്നുവെന്നും മൊഴിയിലുണ്ട്. മൊത്തം 60 ശതമാനം ഓഹരി ഇങ്ങനെ അംബാനി കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും പേരിലായിരുന്നുവെന്ന് പീറ്റര്‍ മുഖര്‍ജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.