റിലയൻസ് റീട്ടെയിൽ ഇനി ഇഷ നയിക്കും; മകൾക്ക് ചുമതല കൈമാറി മുകേഷ് അംബാനി

മുംബൈ: റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ ചുമതല മകൾ ഇഷക്ക് നൽകി വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി തന്റെ മകൾ ഇഷയെ റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്ത് നിയമിച്ചത്.

ജൂണിൽ ടെലികോം യൂനിറ്റായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി മകൻ ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ചുമതല ഏറ്റെടുത്തശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് എ.ജി.എമ്മിൽ (വാർഷിക പൊതുയോഗം) ഇഷ അംബാനി വാട്സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെ കുറിച്ചുമുള്ള പുതിയ പദ്ധതികളുടെ അവതരണം നടത്തിയിട്ടുണ്ട്. മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും റിലയൻസ് റീട്ടെയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വിപണനം ചെയ്യാൻ തുടങ്ങുമെന്നും ഇഷ പറഞ്ഞു.

'ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഗോത്രവർഗക്കാരും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങൾ ഇന്ത്യയിലുടനീളം വിപണനം ചെയ്യാൻ ഞങ്ങൾ ഉടൻ ആരംഭിക്കും'- ഇഷ അംബാനി പറഞ്ഞു. റിലയൻസ് റീട്ടെയിൽ ഈ വർഷം 2,500 സ്റ്റോറുകൾ തുറന്ന് അതിന്റെ സ്റ്റോറുകളുടെ എണ്ണം 15,000 ആയി ഉയർത്തിയിരുന്നു. 42 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോറുകളുടെ ശൃഘലയാണ് റിലയൻസിന് ഇന്ത്യയിലുടനീളം ഉള്ളത്.


'ഈ വർഷത്തിൽ, സ്റ്റേപ്പിൾസ്, ഹോം, പേഴ്‌സണൽ കെയർ, ജനറൽ മെർച്ചൻഡൈസ് വിഭാഗങ്ങളിലായി നിരവധി പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കി സ്വന്തം ബ്രാൻഡുകളുടെ സാന്നിധ്യം റിലയൻസ് ശക്തിപ്പെടുത്തിയിരുന്നു. കൂടാതെ, വാട്ട്‌സ്ആപ്പ്-ജിയോമാർട്ട് പങ്കാളിത്തവും ആരംഭിച്ചു' ഇഷ തന്റെ അവതരണത്തിൽ പറഞ്ഞു. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർഥിനിയാണ് 30 കാരിയായ ഇഷ. പിരാമൾ ഗ്രൂപ്പിലെ അജയ്-സ്വാതി പിരമൾ ദമ്പതികളുടെ മകൻ ആനന്ദ് പിരമളാണ് ഭർത്താവ്.

റിലയന്‍സിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമായ സമയത്താണ് പുതുതലമുറ കൈമാറ്റം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എണ്ണശുദ്ധീകരണം, പെട്രോ കെമിക്കല്‍ ബിസിനസുകളില്‍നിന്ന് കമ്പനി വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി, ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലകൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്.

രാജ്യത്തുടനീളം റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം വിജയത്തോടടുത്തുകഴിഞ്ഞു. അതിന്റെ ഭാഗമായി നിരവധി കമ്പനികളെയാണ് ഇതിനകം റിലയന്‍സ് ഏറ്റെടുത്തത്. പ്രധാന സ്ഥാനത്തേയ്ക്ക് എത്തുന്നതിനുമുമ്പുതന്നെ, അകാശും ഇഷയും ബന്ധപ്പെട്ട കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മെന്‍ലോ പാര്‍ക്ക് കമ്പനി ജിയോ പ്ലാറ്റ്‌ഫോമില്‍ ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ മെറ്റയുമായി ചര്‍ച്ച നടത്തിയവരില്‍ ഇരുവരുമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ഷിക പൊതുയോഗങ്ങളില്‍ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍നിരയില്‍നിന്ന് ഇരുവരും ശ്രദ്ധനേടി. യേല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റുമായ ഇഷ, 2016ല്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിച്ച് ഇ-കൊമേഴ്‌സ് വഴി ഫാഷന്‍ റീട്ടെയില്‍ മേഖലയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

റിലയന്‍സ് റീട്ടെയിലിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഉഭപോക്തൃ ഇലക്ട്രോണിക് ശൃംഖലയായ റിലയന്‍സ് ഡിജിറ്റല്‍, ജിയോമാര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തിച്ചുവരുന്നു. 15,000ലധികം സ്റ്റോറുകള്‍ ഇതിനകം റിലയന്‍സ് റീട്ടെയിലിനുണ്ട്. 2020ല്‍ ജിയോ പ്ലാറ്റ്‌ഫോംസ് 25 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് മെറ്റ, ഗൂഗിള്‍ തുടങ്ങിയ വന്‍കിടക്കാരില്‍നിന്ന് സമാഹരിച്ചത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. 91 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Tags:    
News Summary - Mukesh Ambani Introduces Daughter Isha As Leader Of Reliance's Retail Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.