ന്യൂഡൽഹി: യു.എ.ഇയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ 70.37 ശതമാനം വർധിച്ച് 720 കോടി ഡോളറിൽ (60,796 കോടി രൂപ) എത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി 350 കോടി ഡോളറാണ് (29,553 കോടി രൂപ).
ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇറക്കുമതി മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2491 കോടി ഡോളറിൽനിന്ന് 55.12 ശതമാനം ഉയർന്ന് 3864 കോടി ഡോളറിലെത്തി. ഏഴ് മാസ കാലയളവിലെ വ്യാപാര കമ്മി ഒരു വർഷം മുമ്പ് ഇതേ കാലയളവിലുണ്ടായിരുന്ന 685 കോടി ഡോളറിൽനിന്ന് 1771 കോടി ഡോളറായി.
കയറ്റുമതി വർധിക്കുന്നുണ്ടെങ്കിലും ഇറക്കുമതി അതിനേക്കാൾ ഉയർന്ന തോതിൽ വർധിക്കുന്നതാണ് വ്യാപാര കമ്മി ഉയരാൻ കാരണം. യു.എ.ഇയിൽനിന്നുള്ള വെള്ളി ഉൽപന്നങ്ങൾ, പ്ലാറ്റിനം അലോയ്, ഉണങ്ങിയ ഈത്തപ്പഴം എന്നിവയുടെ ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിൽ ഇന്ത്യ ആശങ്ക ഉന്നയിക്കുകയും സ്വതന്ത്ര വ്യാപാര കരാറിന് കീഴിലെ വ്യവസ്ഥകൾ മറികടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യു.എ.ഇ ഇതിന് സമ്മതിച്ചിട്ടുണ്ട്. 2022 മേയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നത്. യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ധാതു എണ്ണ, രാസവസ്തുകൾ, സുഗന്ധലേപനങ്ങൾ, രത്നങ്ങൾ, ഉരുക്ക്, ചെമ്പ്, അലുമിനിയം തുടങ്ങിയവയാണ് യു.എ.ഇയിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.