ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ഇളയ മകന് ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്.
ശ്രീവത്സം ഗെസ്റ്റ് ഹൗസിന് സമീപം തെക്കേ നടപ്പന്തലിന് മുന്നില്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, അഡ്വ. കെ.വി. മോഹനകൃഷ്ണന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തെക്കെ നടപ്പന്തലിലൂടെ നടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് നമസ്കാര മണ്ഡപത്തിന് സമീപത്തെ വിളക്കില്‍ നെയ്യ് സമര്‍പ്പിച്ച ശേഷം ഗുരുവായൂരപ്പനെ തൊഴുതു. കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്കി. 20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. അഞ്ചരയോടെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലേക്ക് കാര്‍ മാര്‍ഗം തിരിച്ചു.
ദേവസ്വം നിര്‍മിക്കാനുദ്ദേശിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുമായി സഹകരിക്കുന്ന കാര്യം അംബാനിയുമായി ചര്‍ച്ച ചെയ്തുവെന്ന് ചെയര്മാന് ഡോ. വിജയന് പറഞ്ഞു. മുകേഷ് അംബാനിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.