ചുക്കിന് മാന്ദ്യം; വെളിച്ചെണ്ണക്ക് മങ്ങൽ

ശൈത്യകാലത്തെ വരവേൽക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒരുങ്ങിയെങ്കിലും ചുക്കിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. സാധാരണ തണുപ്പ്‌ ശക്തിയാർജിക്കും മുമ്പേ അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിച്ച ശേഷം മികച്ചയിനങ്ങൾക്കും ഇടത്തരം ചുക്കിനും ഓർഡറുകൾ നൽക്കാറുണ്ട്‌. എന്നാൽ, ഇക്കുറി ഉത്തരേന്ത്യക്കാർ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും അൽപം പിൻവലിഞ്ഞത്‌ ഉൽപാദകരിൽ ആശങ്ക പരത്തി. കയറ്റുമതി മേഖലയിൽ പ്രിയമേറിയ ബെസ്‌റ്റ്‌ ചുക്കിന്‌ വിദേശ അന്വേഷണങ്ങൾ പതിവിലും കുറഞ്ഞതായാണ്‌ ഒരു വിഭാഗം ഇടപാടുകാരുടെ പക്ഷം. കയറ്റുമതിക്കാർ പലരും സീസണിൽ തന്നെ ഉയർന്ന അളവിൽ ചുക്ക്‌ സംഭരിച്ചിട്ടുണ്ട്‌. മാസാവസാനത്തിന്‌ മുമ്പേ അറബ്‌ രാജ്യങ്ങൾ ചുക്കിന്‌ പുതിയ കരാറുകളിൽ ഏർപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ കയറ്റുമതിക്കാർ. യൂറോപ്പിൽ നിന്നും ഇന്ത്യൻ ചുക്കിന്‌ ഓർഡറുകൾ പ്രതീക്ഷിക്കുന്നു.

  • ഓണവേളയിൽ വെളിച്ചെണ്ണ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുമെന്ന പ്രതീക്ഷകൾക്ക്‌ മങ്ങലേറ്റു. ഉത്സവ വേളയിലെ ബംപർ വിൽപന മുന്നിൽക്കണ്ട്‌ കനത്തതോതിൽ വെളിച്ചെണ്ണ ഒരുക്കിയവർ സമ്മർദത്തിലാണ്‌. ആഗസ്‌റ്റിൽ 15,900 രൂപയായിരുന്ന വെളിച്ചെണ്ണ 16,800ലെത്തി. വിപണിയെ 17,500 മുകളിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്നവർ. ഇതിന്റെ ഭാഗമായി പ്രാദേശിക വിപണികളിൽ എണ്ണക്ക്‌ കിലോ 18 രൂപ വരെ ഉയർന്നു. നാളികേര കർഷകർ പച്ചതേങ്ങക്കും കൊപ്രക്കും മെച്ചപ്പെട്ട വില പ്രതീക്ഷിച്ചെങ്കിലും വ്യവസായികൾ ചരക്കിൽ താൽപര്യം കാണിച്ചില്ല.
  • ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന്‌ കൂടുതൽ അന്വേഷണങ്ങൾ പ്രവഹിച്ചത്‌ നിരക്ക്‌ ഉയർത്തി ചരക്ക്‌ സംഭരിക്കാൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഓഫ്‌ സീസണായതിനാൽ മെച്ചപ്പെട്ട വില മോഹിച്ച്‌ ഉൽപാദകരും ഇടനിലക്കാരും ചരക്കുപിടിക്കുന്നതിനാൽ മുഖ്യ വിപണികളിൽ ലഭ്യത കുറഞ്ഞു. ഹൈറേഞ്ച്‌, വയനാടൻ മുളകിന്‌ ഉത്തരേന്ത്യൻ ആവശ്യം വർധിച്ചു. ദീപാവലിക്ക്‌ മുന്നോടിയായുള്ള മുളക്‌ സംഭരണ തിരക്കിലാണ്‌ അന്തർസംസ്ഥാന വാങ്ങലുകാർ. ആഗോള തലത്തിൽ ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക്‌ ഇനിയും ഉയരുമെന്ന നിഗമനത്തിലാണ്‌ കാർഷിക മേഖല. ചെറുകിട കർഷകർ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട്‌ മുളക്‌ വിൽപന നടത്തി. അൺ ഗാർബിൾഡ്‌ മുളക്‌ 64,900 രൂപയിൽ നിന്നും 65,800 രൂപയായി.
  • സംസ്ഥാനത്ത്‌ ഓണം കഴിയുന്നതോടെ എല്ലാ ഭാഗങ്ങളിലും റബർ ടാപ്പിങ്‌ ഊർജിതമാക്കും. മുഖ്യ വിപണികളിൽ ഷീറ്റ്‌ വരവ്‌ ശക്തമല്ലെങ്കിലും കാലാവസ്ഥ തെളിയുന്നതോടെ ടാപ്പിങ്‌ സജീവമാകും. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളും ടയർ നിർമാതാക്കളും രംഗത്തുണ്ടെങ്കിലും അവർ ആവശ്യാനുസരണം ഷീറ്റ്‌ കണ്ടെത്താൻ പല അവസരത്തിലും ക്ലേശിച്ചു. ടയർ വ്യവസായികൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 23,900 രൂപയിൽ നിന്നും 22,900ലേക്ക്‌ താഴ്‌ത്തി. ഓണത്തിന്‌ മുന്നോടിയായി കാർഷിക മേഖല കനത്തതോതിൽ റബർ ഇറക്കുമെന്ന്‌ വാങ്ങലുകാർ കണക്കു കൂട്ടിയെങ്കിലും ഉൽപാദന രംഗത്തെ മാന്ദ്യം തിരിച്ചടിയായി.
  • ജപ്പാനിൽ റബർ വില കിലോ 382 യെന്നിൽ നിന്നും 346ലേക്ക്‌ ഇടിഞ്ഞെങ്കിലും വാരാന്ത്യം 360 യെന്നിലാണ്‌. മുഖ്യ റബർ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില 23,592 രൂപയിൽ നിന്നും 22,437 രൂപയായി താഴ്‌ന്നു. സിംഗപ്പർ, ചൈനീസ്‌ മാർക്കറ്റുകളിലും റബർ വില താഴ്‌ന്നു.
  • ആഭരണ കേന്ദ്രങ്ങളിൽ സ്വർണം വാരത്തിന്റെ ആദ്യ പകുതിയിൽ നാല്‌ ദിവസം 53,360 രൂപയിൽ നിലകൊണ്ടു. വെള്ളിയാഴ്‌ച പവന്‌ 400 രൂപ ഉയർന്ന്‌ 53,760 ലേക്ക്‌ കയറി. എന്നാൽ, വാരാന്ത്യം നിരക്ക്‌ 53,440 രൂപയായി താഴ്‌ന്നു. ഒരു ഗ്രാം സ്വർണ വില 6680 രൂപ. 
Tags:    
News Summary - price loss of coconut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.