ന്യൂഡൽഹി: സ്വർണപണയ വസ്തുവിൻെറ വിപണി വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കാമെന്ന് റിസർവ് ബാങ്ക്. നേരത്തേ ഇത് വിപണി വിലയുടെ 75 ശതമാനമായിരുന്നു. കോവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്വർണ പണയ വായ്പയുടെ മാനദണ്ഡങ്ങളിൽ അയവു വരുത്തുന്ന തീരുമാനം.
മൂന്നുദിവസം നീണ്ട വായ്പ അവലോകന യോഗത്തിനുശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് 19 നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ബാങ്കുകളിൽ സ്വർണപണയ വായ്പ ഇടപാടുകൾ ഉയർന്നിരുന്നു. ആഗോള സാമ്പത്തിക രംഗം പ്രതികൂലമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായാണ് ഈ മഞ്ഞലോഹത്തെ കാണുന്നത്. പണത്തിനുപുറമെ ആളുകൾ കൂടുതൽ ആശ്രയിക്കുന്ന സുരക്ഷിത നിക്ഷേപവും സ്വർണമാണ്.
കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനുശേഷം സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയർന്നിരുന്നു. വ്യാഴാഴ്ച സ്വർണം പവന് 41,320 രൂപയാണ് വില. 5165 രൂപയാണ് ഗ്രാമിൻെറ വില. അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.