വാൾട്ട് ഡിസ്നി കമ്പനിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിനായുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഇരുവരും വൈകാതെ കരാറിൽ ഒപ്പിടുമെന്ന വിവരം പുറത്ത് വന്നത്. ഇരു കമ്പനികളും ലയിച്ചുണ്ടാവുന്ന സ്ഥാപനത്തിൽ മുകേഷ് അംബാനിയുടെ റിലയൻസിന് 51 ശതമാനം ഓഹരിയുണ്ടാവും.
ബാക്കിയുള്ള ഓഹരിയാവും ഡിസ്നിയുടെ കൈവശമുണ്ടാവുക. ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന പുതിയ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനമാവുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തയാഴ്ചയോടെ കരാർ ഒപ്പിടുമ്പോൾ മാത്രമേ എത്ര പണമാണ് പുതിയ സ്ഥാപനത്തിലെ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് മുടക്കുകയെന്ന് വ്യക്തമാകു.
അതേസമയം, ഇതുസംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാൻ റിലയൻസോ ഡിസ്നിയോ തയാറായിട്ടില്ല. ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇരു കമ്പനികളുടേയും നിലപാട്. ഒക്ടോബറിൽ ബ്ലുംബർഗാണ് ഇടപാട് സംബന്ധിച്ച് ആദ്യം വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയിലെ മാധ്യമ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ 2.7 ബില്യൺ ഡോളറിന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിതരണാവകാശം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം വാർണർ ബ്രദേഴ്സിന്റെ എച്ച്.ബി.ഒ ഷോകൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു. അതേസമയം, ഡിസ്നിയെ സംബന്ധിച്ചടുത്തോളം വലിയ നേട്ടം ഇന്ത്യയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.