പ്രതീക്ഷയിൽ റബർ വിപണി

വൃശ്ചികം പിറന്നതോടെ ഉയർന്ന താപനിലയിൽ നിന്ന് കേരളം തണുത്ത രാത്രികളിലേക്ക്‌ തിരിയുന്നത്‌ തോട്ടം മേഖലക്ക്‌ പ്രതീക്ഷ പകരുന്നു. കാലാവസ്ഥയിലെ ഈ മാറ്റം റബർ തോട്ടങ്ങൾക്ക്‌ അനുകൂലമാവും. കാലവർഷാരംഭം മുതൽ റബർ വെട്ടിന്‌ തക്കംപാത്ത്‌ നിന്നതാണെങ്കിലും ശക്തമായ മഴയിൽ ടാപ്പിങ്ങിന്​ അവസരം ലഭിക്കാതെ വലിയ പങ്ക്‌ കർഷകരും പിന്നിട്ട അഞ്ച്‌ മാസങ്ങളിൽ നട്ടം തിരിഞ്ഞു. എന്നാൽ, മുന്നിലുള്ള മൂന്നുമാസം മഴ കുറയുമെന്നത്‌ റബർ ടാപ്പിങ്‌ രംഗം സജീവമാക്കുമെന്നാണ്‌ ഉൽപാദകരുടെ പക്ഷം.

നിലവിലെ താഴ്‌ന്ന വിലക്ക്​ ഷീറ്റ്‌ വിൽക്കാൻ ഉൽപാദകർ ഉത്സാഹം കാണിച്ചില്ല. നാലാം ഗ്രേഡ്‌ 18,200 രൂപയിലും അഞ്ചാം ഗ്രേഡ്‌ 17,900 രൂപയിലും വ്യാപാരം നടന്നു. ലഭ്യത കുറഞ്ഞതിനാൽ വില ഉയർത്തി സ്‌റ്റോക്കിസ്‌റ്റുകളെ മാർക്കറ്റിലേക്ക്‌ ആകർഷിക്കാൻ ഈവാരം ടയർ നിർമാതാക്കൾ ശ്രമം നടത്താം. രാജ്യാന്തര റബർ വിപണിയിൽ ഉണർവ്‌ അനുഭവപ്പെട്ടാൽ 19,000ലേക്ക്‌ റബർ വില ഉയരാം. ജപ്പാനിൽ റബർ 350 യെന്നിനു മുകളിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്‌. ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 187 രൂപയായി താഴ്‌ന്നത്‌ ഇതര റബർ ഉൽപാദന രാജ്യങ്ങളിൽ ആശങ്കപരത്തി.

● ● ●

ഏലക്ക ആഭ്യന്തര, വിദേശ ഡിമാൻഡിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഉത്തരേന്ത്യയിൽ വിവാഹ സീസണും ക്രിസ്‌മസ്‌ മുന്നിൽക്കണ്ടുള്ള ബേക്കറികളുടെ ചരക്ക്‌ സംഭരണവും ഉൽപന്നത്തിന്‌ കരുത്തായി. ഇതിനിടയിൽ കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാൻ ലേല കേന്ദ്രങ്ങളിൽ പിടിമുറുക്കിയത്‌ വാങ്ങലിന്‌ വീറും വാശിയും ഇരട്ടിപ്പിച്ചു. അറബ്‌ രാജ്യങ്ങളിൽ നിന്നും പുതിയ ഓർഡറുകൾ എത്തുന്നുണ്ട്‌. മികച്ചയിനങ്ങളുടെ വില കിലോ 3380ലേക്ക്‌ ഉയർന്നപ്പോൾ ശരാശരി ഇനങ്ങൾ 2899 വരെ കയറി.

● ● ●

രാജ്യാന്തര വിപണിയിൽ കൊക്കോ വിലയിൽ വീണ്ടും വർധന. യൂറോപ്യൻ യൂനിയൻ ഇറക്കുമതിക്ക്‌ നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ കൊക്കോ അവധിയിലെ വിൽപനകൾ തിരിച്ചുപിടിക്കാൻ പ്രേരിപ്പിച്ചത്‌ വിലക്കയറ്റത്തിന്‌ വഴിയൊരുക്കി. ന്യൂയോർക്കിൽ കൊക്കോ ആറ്‌ മാസത്തെ ഉയർന്ന നിരക്കായ 8776 ഡോളറിലേക്ക്‌ കയറി. വിദേശത്തെ വിലക്കയറ്റം കണ്ട്‌ ആഭ്യന്തര ചോക്​ലറ്റ്‌ വ്യവസായികൾ മധ്യകേരളത്തിലെ വിപണികളിൽ കൊക്കോ ശേഖരിക്കാൻ വാരാവസാനം ഉത്സാഹിച്ചു. നവംബർ ആദ്യ പകുതിയിൽ താൽപര്യം കാണിക്കാതെ ഒഴിഞ്ഞു മാറിയ വ്യവസായികളുടെ തിരിച്ചുവരവിൽ സംസ്ഥാനത്ത്‌ കൊക്കോ വില 500 രൂപയിൽ നിന്ന് 600 -650 കയറി.

● ● ●

അന്തർ സംസ്ഥാന വ്യാപാരികൾ കുരുമുളക്‌ സംഭരണത്തിൽനിന്ന് അൽപം പിൻവലിഞ്ഞു. ഹൈറേഞ്ചിൽ നിന്നും മറ്റ്‌ ഭാഗങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കുവരവ്‌ ശക്തമല്ല, പല അവസരത്തിലും ശരാശരി 20 ടൺ മുളകാണ്‌ വിൽപനക്ക്‌ ഇറങ്ങിയത്‌. അന്താരാഷ്‌ട്ര കുരുമുളക്‌ വിലയിലെ നേരിയ കുറവ്‌ ഇന്ത്യയിലും പ്രതിഫലിച്ചു. യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്‌നാമും ഇന്തോനേഷ്യയും നിരക്ക്‌ കുറച്ച്‌ ടണ്ണിന്‌ 6500 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കി. ബ്രസീലിയൻ മുളക്‌ വില 6000 ഡോളറാണ്‌, മലേഷ്യൻ മുളക്‌ വില 8400 ഡോളറും ഇന്ത്യൻ 7900 ഡോളറും. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 63,200 രൂപ.

● ● ●

മണ്ഡല കാലത്തിന്‌ തുടക്കം കുറിച്ചതോടെ നാളികേരത്തിന്‌ ഡിമാൻഡ്​. പച്ചത്തേങ്ങ ലഭ്യത ചുരുങ്ങിയത്‌ വ്യവസായികളെ വിലയുയർത്തി ചരക്ക്‌ ശേഖരിക്കാൻ നിർബന്ധിതരാക്കി. 13,200 രുപയിൽ നിന്നും കൊപ്ര 14,100ലേക്ക്‌ ഉയർന്നു. ഇതിൻറ ചുവടുപിടിച്ച്‌ വെളിച്ചെണ്ണ വില ക്വിൻറലിന്‌ 900 രൂപ വർധിച്ച്‌ 20,900 രൂപയായി. ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോ 73 രൂപയിൽ വ്യാപാരം നടന്നു.

● ● ●

ആഭരണ വിപണികളിൽ സ്വർണ വിലയിൽ ഇടിവ്‌. പവൻ 58,200 രൂപയിൽ നിന്ന് 55,480ലേക്ക്‌ ഇടിഞ്ഞു. ന്യൂയോർക്കിൽ ഔൺസിന്‌ 2647 ഡോളറിൽ നിന്നും 2543ലേക്ക്‌ താഴ്‌ന്ന ശേഷം ക്ലോസിങ്ങിൽ 2562 ലാണ്‌. സാങ്കേതികമായി രാജ്യാന്തര സ്വർണ വിപണി സെല്ലിങ്‌ മൂഡിൽ തുടരുന്നതിനാൽ റെക്കോഡ്‌ തലത്തിലേക്കുള്ള തിരിച്ചുവരവിന്‌ കാലതാമസം നേരിടാം.

Tags:    
News Summary - Rubber market in anticipation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.