റബറിന് വിദേശത്ത് തിളക്കം; കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു

കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന ഭേദഗതികൾ വ്യവസായിക മേഖലയുടെ തിരിച്ചുവരവിന്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ ചൈന. ഏഷ്യ -യൂറോപ്യൻ ഓട്ടോ മേഖല പ്രതിസന്ധികളെ മറികടക്കുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ റബറിലേക്ക്‌ അടുപ്പിച്ചു. ചൈനീസ്‌ വിപണിയായ ഷാങ്‌ഹാക്ക്‌ ഒപ്പം ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും റബർ തിളക്കമാർന്ന പ്രകടനം പിന്നിട്ടവാരം കാഴ്‌ചവെച്ചു.

ജപ്പാനിൽ നീണ്ട ഇടവേളക്കു ശേഷം കിലോ 400 യെന്നിന്‌ മുകളിൽ റബറിന്റെ വ്യാപാരം നടന്നു. ഇതിന്റെ ചുവടുപിടിച്ച്‌ സിംഗപ്പൂരിൽ റബർ 200 ഡോളറിലേക്കും ഉയർന്നു. മുഖ്യ അവധി വ്യാപാര രംഗം ബുൾ ഇടപാടുകാരുടെ നിയന്ത്രണത്തിൽ നീങ്ങിയത്‌ റബർ കയറ്റുമതി രാജ്യങ്ങളെയും ആവേശംകൊള്ളിച്ചു. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളിൽ കയറ്റുമതിക്കാർ വില ഉയർത്തി. ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും കുതിപ്പിലേക്ക്‌ തിരിഞ്ഞെങ്കിലും ഇന്ത്യൻ റബറിന്‌ തിരിച്ചടി നേരിട്ടു. പ്രമുഖ ടയർ നിർമാതാക്കൾ എല്ലാവരും കേരളത്തിൽ നിലയുറപ്പിച്ചിരുന്നെങ്കിലും വില ഇടിച്ച്‌ ചരക്ക്‌ കൈക്കലാക്കാൻ അവർ നീക്കം നടത്തി.

ടയർ ലോബിയുടെ സംഘടിത നീക്കം മൂലം സംസ്ഥാനത്ത്‌ ഷീറ്റ്‌ വില ഇടിഞ്ഞു. 23,200 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും കമ്പനികൾ നിരക്ക്‌ താഴ്‌ത്തി ക്വട്ടേഷൻ ഇറക്കിയതോടെ വാരാവസാനം നാലാം ഗ്രേഡ്‌ 22,500ലേക്ക്‌ തളർന്നു. നിരക്ക്‌ അടുത്ത മാസം ഇനിയും ഇടിയുമെന്ന നിലപാടിലാണ്‌ വ്യവസായികൾ. തെളിഞ്ഞ കാലാവസ്ഥയിൽ റബർ ടാപ്പിങ്‌ രംഗം അടുത്ത മാസം ഉണരും. ഇതിനിടയിൽ ശൈത്യകാലത്തിന്‌ തുടക്കംകുറിക്കുന്നതോടെ റബർ മരങ്ങളിൽനിന്നുള്ള യീൽഡും വർധിക്കുമെന്നത്‌ ഷീറ്റ്‌, ലാറ്റക്‌സ്‌ ക്ഷാമം വിട്ടുമാറാൻ അവസരം ഒരുക്കും. ഇതിനിടയിൽ നവരാത്രി വേളയിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ രംഗത്തുനിന്ന്‌ അകലുമെന്നത്‌ വിപണിക്ക്‌ തിരിച്ചടിയായി മാറാം.

**

ഏലക്ക ലേലത്തിന്‌ എത്തുന്ന ചരക്കിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. നവരാത്രി അടുത്തതോടെ രാജ്യത്തിന്റ എല്ലാ ഭാഗങ്ങളിലും ഏലത്തിന്‌ ആവശ്യക്കാരുണ്ട്‌. കാർഷിക മേഖലയിൽ വിളവെടുപ്പ്‌ ഊർജിതമായതിനാൽ വരുംദിനങ്ങളിലും ലേലത്തിൽ പുതിയ ചരക്ക്‌ കൂടുതലായി ഇറങ്ങും. കയറ്റുമതി മേഖലയിൽനിന്നും ഉൽപന്നത്തിന്‌ ആവശ്യക്കാരുണ്ട്‌. ശരാശരി ഇനങ്ങൾ കിലോ 2400 രൂപയിലും മികച്ചയിനങ്ങൾ 2967 രൂപയിലുമാണ്‌.

**

കുരുമുളക്‌ വാങ്ങൽ അൽപം കുറച്ച്‌ അന്തർസംസ്ഥാന ഇടപാടുകാർ രംഗത്തുനിന്ന്‌ പിൻവലിഞ്ഞത്‌ വിലയെ ബാധിച്ചു. നിത്യേന മുളക്‌ വില താഴ്‌ന്നെങ്കിലും കാർഷിക മേഖലയിൽനിന്നുള്ള ചരക്കുവരവ്‌ കുറവാണ്‌. കൊച്ചിയിൽ പ്രതിദിനം വരവ്‌ ശരാശരി 25 ടൺ മാത്രം. അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച്‌ വ്യക്തമായ ചിത്രം ലഭ്യമായ ശേഷം സ്റ്റോക്ക്‌ ഇറക്കാമെന്ന നിലപാടിലാണ്‌ വൻകിട കർഷകർ. അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 64,400 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക്‌ ടണിന്‌ 8100 ഡോളർ.

**

ആഭരണ വിപണികളിൽ സ്വർണം പുതിയ ഉയരം കണ്ടെത്തി. പവൻ 55,680 രൂപയിൽനിന്ന് 56,800 രൂപ വരെ ഉയർന്ന ശേഷം ശനിയാഴ്‌ച 55,760 രൂപയിലാണ്‌. ഒരു ഗ്രാം സ്വർണ വില 7095 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2658 ഡോളർ. 

Tags:    
News Summary - Rubber shines abroad; Sheet prices fell in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.