ഡെട്രോയിറ്റ്: യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് കൊക്കക്കോള, പെപ്സി അടക്കമുള്ള യു.എസ് കോർപറേറ്റുകൾ അവരുടെ റഷ്യയിലെ വ്യാപാരം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. 'മക്ഡൊണാൾഡ്സ്', 'സ്റ്റാർബക്സ്', 'ജനറൽ ഇലക്ട്രിക്' തുടങ്ങിയ യു.എസ് കമ്പനികളും റഷ്യയെ ബഹിഷ്കരിക്കും.
യുക്രെയ്നിലെ ജനങ്ങളുടെ ദുരിതം അവഗണിക്കാനാകില്ലെന്ന് 'മക്ഡൊണാൾഡ്സ്' പ്രസിഡന്റും സി.ഇ.ഒയുമായ ക്രിസ് കെംപൊസിൻസ്കി തൊഴിലാളികൾക്ക് അയച്ച തുറന്ന കത്തിൽ പറഞ്ഞു. റഷ്യയിലെ 850 സ്റ്റോറുകൾ താൽക്കാലികമായി അടക്കുമെങ്കിലും 62,000 ജീവനക്കാർക്കും ശമ്പളം കൊടുക്കുന്നത് തുടരും. സ്റ്റാർബക്സും 2,000ത്തോളം റഷ്യൻ ജീവനക്കാരുടെ ശമ്പളം മുടക്കില്ല.
കെ.എഫ്.സി, പീസ ഹട് എന്നിവയുടെ ഉടമ കമ്പനിയായ 'യംബ്രാന്റ്സ്' തങ്ങൾക്ക് റഷ്യയിലുള്ള 70 റസ്റ്റാറന്റുകൾ അടക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പീസ ഹട് റസ്റ്റാറന്റുകൾ അടക്കാൻ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തുകയാണെന്നും അവർ പറഞ്ഞു.
റഷ്യയിലെ സ്റ്റോറുകളിൽനിന്നുള്ള ലാഭം യുദ്ധ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായത്തിനായി മാറ്റുമെന്ന് 'ബർഗർ കിങ്' കമ്പനിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.