ടെക് ഭീമന്മാരേക്കാൾ ടെക്കികൾക്ക് ശമ്പളം നൽകുന്നത് സ്റ്റാർട്ടപ്പുകൾ

ടെക് ഭീമൻമാരേക്കാൾ ശമ്പളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജീവനക്കാർക്ക് നൽകുന്നുവെന്ന് ഡാറ്റ. ടെക് വ്യവസായത്തിലെ മൂൺലൈറ്റിങ്ങിനെ (രണ്ട് സ്ഥാപനങ്ങൾക്ക് വേണ്ടി സമാന്തരമായി പ്രവർത്തിക്കുന്നത്) കുറിച്ചുള്ള ചർച്ചകൾ ശക്തിപ്പെടുന്നതിനിടെയാണ് കമ്പനികളിൽ ജോലി ചെയ്യുന്ന ടെക്കികളുടെയും അവരുടെ ശമ്പളത്തെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

വീക്ക്ഡേ എന്ന സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന അമിത് സിങ് ഒരു ട്വിറ്റർ ത്രെഡിലൂടെയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ശമ്പള സ്കെയിൽ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 50,000-ത്തിലധികം എഞ്ചിനീയർമാരുടെ ഡാറ്റ ത്രെഡിൽ അടങ്ങിയിരിക്കുന്നു.

സ്റ്റാർട്ടപ്പുകളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ശമ്പളവും ഇൻക്രിമെന്റും ടെക് ഭീമന്മാരിൽ ജോലി ചെയ്യുന്നവരുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് ട്വീറ്റുകളിൽ പറയുന്നത്.

അമിത് സിങ് പങ്കിട്ട ഇൻഫോഗ്രാഫിക് അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ഏറ്റവും ഉയർന്ന പാക്കേജ് നൽകുന്നു. ഷെയർചാറ്റിൽ നാല് വർഷത്തെ പരിചയമുള്ള ഒരു എഞ്ചിനീയറുടെ ശമ്പളം പ്രതിവർഷം 47 ലക്ഷം രൂപയാണ് (LPA) .

ഫിൻടെക് കമ്പനിയായ ക്രെഡ് ആണ് പട്ടികയിൽ അടുത്തത്. ഇവിടെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 40 ലക്ഷം രൂപയാണ് വാർഷിക ശമ്പളം.

മീഷോ, സ്വിഗ്ഗി, ഡ്രീം 11, ഇൻമൊബി തുടങ്ങിയ കമ്പനികൾ അവരുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് 35 മുതൽ 40 ലക്ഷം വരെ നൽകുന്നു.

ഓയോ, പേടിയെം, ബൈജൂസ് എന്നിവർ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. ശരാശരി 20-25 ലക്ഷം രൂപ മാത്രം. ഷോപ്ക്ലൂസ് ടെക്കികൾക്ക് ശരാശരി 12 ലക്ഷം മാത്രമേ നൽകുന്നുള്ളു. ഇവയെല്ലാം പട്ടികയുടെ ഏറ്റവും താഴെയാണ്.

അതേസമയം, ഇൻക്രിമെന്റിന്റെ കാര്യത്തിൽ, ശമ്പളത്തിന്റെ 10 ശതമാനം വർധനവ് മാത്രമേ നൽകുന്നുള്ളു. അതിനാലാണ് ജീവനക്കാർ ഇടക്കിടെ കമ്പനികളിൽ മാറുന്നതെന്ന് അമിത് സിങ് വിശദീകരിക്കുന്നു.

പ്രൊഡക്ട് അധിഷ്ഠിത സ്റ്റാർട്ടപ്പുകളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ വരുമാനവും ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ സേവന അധിഷ്‌ഠിത കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവും തമ്മിൽ വൻ വ്യത്യാസമുണ്ട്. പ്രൊഡക്‌ട് സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ സേവന അധിഷ്‌ഠിത കമ്പനികളിലെ ടെക്കികളേക്കാൾ 160 ശതമാനം ഉയർന്ന ശമ്പളം വാങ്ങുന്നുണ്ട്.

നാല് വർഷത്തെ പരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് വലിയ കമ്പനികളിൽ വാർഷിക ശമ്പളം 10 ലക്ഷം ആണെങ്കിൽ, സ്റ്റാർട്ടപ്പുകൾ 26 ലക്ഷം നൽകുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

Tags:    
News Summary - Startups Paying More To Software Engineers Than Big Techs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.