മുംബൈ: ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ രയരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാർ എന്ന ആര്.കെ കൃഷ്ണകുമാറിന് (84) അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകിട്ട് മുംബൈ മറൈൻ ലൈൻസിലെ ചന്ദൻവാഡി ശ്മശാനത്തിൽ സംസ്കരിച്ചു. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന ഏറ്റെടുക്കലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കൃഷ്ണകുമാര്‍ കണ്ണൂർ ചൊക്ലി സ്വദേശിയാണ്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2000ല്‍ ടെറ്റ്ലിയെ ഏറ്റെടുത്തതിലൂടെ ലോകത്തിലെ രണ്ടാമത്തെ തേയില കമ്പനിയായി ടാറ്റ ഗ്ലോബല്‍ ബിവറേജസിനെ മാറ്റാന്‍ സഹായിച്ചു. 2009ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
ചൊക്ലി രായിരത്ത് ആർ.കെ. സുകുമാരന്റെയും തലശ്ശേരി മൂർക്കോത്ത് കുട്ടമ്പള്ളി സരോജിനിയുടെയും മകനാണ്. ചെന്നൈ ലയോള കോളജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പ്രസിഡൻസി കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. 1963ലാണ് ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സർവിസസിൽ ചേർന്നത്. 1988ൽ ടാറ്റ ടീയിൽ ജോയന്റ് ഡയറക്ടറും 1991ൽ ടാറ്റ ടീ മാനേജിങ് ഡയറക്ടറുമായി.
1996ൽ താജ് ഹോട്ടലുകളുടെ ഹോൾഡിങ് കമ്പനിയായ ഇന്ത്യൻ ഹോട്ടൽസിന്റെ എം.ഡിയും പിന്നീട് വൈസ് ചെയർമാനുമായി. 2007ലാണു ടാറ്റ സൺസ് ബോർഡിലെത്തിയത്. ഭാര്യ: രത്ന. മകൻ: അജിത് (ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.