മലപ്പുറം: 24 കാരറ്റ് സ്വർണക്കട്ടികൾക്ക് ഒക്ടോബർ ഒന്നുമുതൽ ഏർപ്പെടുത്തിയ ഉറവിടത്തിൽനിന്നുള്ള നികുതി (ടി.സി.എസ്) സ്വർണ വ്യാപര മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ. ബുള്ളിയൻ വ്യാപാരികൾക്കും ജ്വല്ലറികൾക്കും ഒരുപോലെ ടി.സി.എസ് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്വർണക്കട്ടിക്ക് 0.1 ശതമാനം ഉറവിടത്തിൽനിന്നുള്ള നികുതി നൽകണമെന്നാണ് പുതിയ വ്യവസ്ഥ.
സ്വർണക്കട്ടി ബാങ്കിൽനിന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ലാഭത്തേക്കാൾ കൂടുതൽ വ്യാപാരികൾ നികുതി അടക്കേണ്ടതായി വരും. 10 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള വ്യാപാരികളാണ് ഇതിെൻറ പരിധിയിൽ വരുക. ദിവസേന 55 ഗ്രാം സ്വർണാഭരണം വിൽക്കുന്ന വ്യാപാരികൾ ഇതിെൻറ പരിധിയിൽ വരും. പുതിയ നിയമം പ്രവർത്തന മൂലധനം കണ്ടെത്താൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് സ്വർണ വ്യാപാര മേഖല. ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കുകളിൽനിന്ന് എടുക്കുന്നതിന് ഇപ്പോഴത്തെ വിലയനുസരിച്ച് 5300 രൂപ ടി.സി.എസ് നൽകേണ്ടി വരും.
ഒരു കിലോഗ്രാം സ്വർണാഭരണം നിർമാതാവിൽനിന്ന് വാങ്ങുന്ന വ്യാപാരിയും ടി.സി.എസ് മുൻകൂർ അടക്കാൻ ബാധ്യസ്ഥനാണെന്നും വ്യപാര സംഘടനകൾ പറയുന്നു.മിക്ക ബുള്ളിയൻ വ്യാപാരികളും യഥാർഥ നികുതി നൽകേണ്ടതിനെക്കാൾ കൂടുതൽ നികുതി ടി.സി.എസ് ആയി നൽകേണ്ടി വരും. ഇത് പ്രവർത്തന മൂലധനം തടസ്സപ്പെടുത്തുമെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടി.സി.എസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ (ജി.ജെ.സി) ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. ഈ വ്യവസ്ഥ ലാഭത്തേക്കാൾ വലിയ നികുതിഭാരമാണ് സൃഷ്ടിക്കുന്നതെന്നും സ്വർണ വ്യാപാരമേഖലയെ ഇത് പ്രതിസന്ധിയിലാക്കുമെന്നും ജി.ജെ.സി ദേശീയ ഡയറക്ടർ എസ്. അബ്ദുൽ നാസർ പറഞ്ഞു. പുതിയ വ്യവസ്ഥ കള്ളക്കടത്തും അനധികൃത വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.