ബെയ്ജിങ്: ൈചനീസ് സർക്കാറിനെതിരായ വിവാദ പരാമർശത്തിന് ശേഷം ആലിബാബ സ്ഥാപകനും ചൈനീസ് ടെക് കോടീശ്വരനുമായ ജാക്ക് മായെ രണ്ടുമാസത്തോളമായി പൊതുപരിപാടികളിൽ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. ജാക്ക് മാ അവതരിപ്പിച്ചിരുന്ന ടാലൻറ് ഷോ ആയ ആഫ്രിക്കൻ ബിസിനസ് ഹീറോസിന്‍റെ അവസാന എപ്പിസോഡിൽ പങ്കെടുക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു. പൊതുവേദികളിൽ അദ്ദേഹത്തെ കാണാത്തതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഒക്ടോബർ 24ന് നടന്ന ബിസിനസ് കോൺഫറൻസിൽ ജാക്ക് മാ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നായിരുന്നു പരാമർശം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ വ്യാപാര നിയന്ത്രണ കൗൺസിൽ കാലഹരണപ്പെട്ട ശിലായുഗത്തിന് സമാനമായ അടിസ്ഥാന തത്വങ്ങളിലാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക രംഗം വ്യവസായിക കാലഘട്ടത്തിന്‍റെ പാരമ്പര്യമാണെന്നും അടുത്ത തലമുറക്കായി പുതിയ സംവിധാനം രൂപപ്പെടുത്തണമെന്നും നിലവിലെ സംവിധാനത്തിൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാക്ക് മായുടെ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആന്‍റ് ഗ്രൂപ്പിനെതിരെ കടുത്ത പ്രതിരോധ നടപടികൾ ചൈനീസ് സർക്കാർ സ്വീകരിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പരാമർശം കമ്പനികളുടെയും അവരുടെ ഉപകമ്പനികളുടെയും വരുമാനത്തെ വൻതോതിൽ പ്രതികൂലമായി ബാധിച്ചു. ഓഹരി മൂല്യവും കൂപ്പുകുത്തി. നഷ്ടം കനത്തതോടെ അതിസമ്പന്നരുടെ പട്ടികയിൽനിന്നും ജാക്ക് മാ പിറകിലേക്ക് പോയിരുന്നു. ഇതിനുശേഷം ജാക്ക് മായെ പൊതുവേദികളിൽ കണ്ടിട്ടില്ല.
ജാക്ക് മാക്ക് പകരം ആലിബാബ എക്സിക്യൂട്ടീവായ ലൂസി പെൻങിനെയാണ് ആഫ്രിക്കൻ ബിസിനസ് ഹീറോസിൽ ജഡ്ജായി അവതരിപ്പിച്ചത്. വെബ്പേജിൽ പരിപാടിയുടെ ജഡ്ജിങ് പാനലിൽനിന്ന് ജാക്ക്മായുടെ ചിത്രവും ഒഴിവാക്കി. എന്നാൽ സമയ ഷെഡ്യൂളിലെ മാറ്റം കാരണമാണ് ജാക്ക് മാ പരിപാടിയുടെ അവസാന എപ്പിസോഡിൽ പങ്കെടുക്കാതിരുന്നതെന്ന് ആലിബാബ വക്താവ് ഫിനാൻഷ്യൽ ടൈംസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.