വെള്ളിയാഴ്ച ലോകത്തിലെ ഭൂരിഭാഗം ഓഹരി വിപണികളും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇറാനും ഇസ്രായേലും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്നും അത് വിവിധ രാജ്യങ്ങൾ കക്ഷി ചേർന്നുള്ള ബഹുരാഷ്ട്ര യുദ്ധമായി വികസിക്കുമോ എന്നുമുള്ള ആശങ്കയാണ് ഇതിന് കാരണമായത്. ആഗോളതലത്തിൽ ഓഹരി വിപണി മൂല്യത്തിൽ 2.9 ലക്ഷം കോടി ഡോളറിന്റെ കുറവ് ഒറ്റ ദിവസംകൊണ്ട് ഉണ്ടായെന്നാണ് വിലയിരുത്തൽ. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും നിക്ഷേപകർ ജാഗ്രത പുലർത്തണം. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് മറുപടിയായി ഇറാൻ ഇസ്രായേലിനെ നേരിട്ടാക്രമിക്കുന്ന സ്ഥിതിയുണ്ടായാൽ തീർച്ചയായും ഓഹരി വിപണിയിൽ ഏതാനും ദിവസത്തേക്ക് കനത്ത ഇടിവുണ്ടാകും.
എന്നാൽ, ഇന്ത്യയിൽ അത് ദീർഘകാല കൂപ്പുകുത്തലിലേക്ക് നയിക്കും എന്ന് തോന്നുന്നില്ല. കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഇന്ത്യൻ വിപണി തിരിച്ചുകയറും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യ -യുക്രെയ്ൻ, ഹമാസ് -ഇസ്രായേൽ യുദ്ധ സമയങ്ങളിൽ അതാണ് സംഭവിച്ചത്. ഇറാൻ -ഇസ്രായേൽ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ല. സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിച്ച കോവിഡിനെ പോലും അതിജീവിച്ച് സർവകാല റെക്കോഡിലെത്തിയ ഇന്ത്യൻ വിപണി മുന്നോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. യു.എസും ചൈനയും ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ ഇരുപക്ഷത്തുമായി നിലയുറപ്പിച്ച് ലോകയുദ്ധം എന്ന രൂപത്തിലേക്ക് ഇറാൻ -ഇസ്രായേൽ സംഘർഷം വികസിച്ചാൽ കഥ മാറും എന്നത് വേറെ കാര്യം. അങ്ങോട്ടൊന്നും എത്തില്ലെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.