തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാറിന്‍റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ ഭൂമിയുടെ ന്യായവില ഉയർത്തുമെന്ന് സൂചന. ന്യായവിലയിൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യായവില 20 ശതമാനം വരെ വർധിപ്പിക്കാമെന്ന് രജിസ്ട്രേഷൻ വകുപ്പ് ശിപാർശ നൽകിയിട്ടുണ്ട്. ശിപാർശ ധനവകുപ്പ് അംഗീകരിച്ചാൽ ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില വർധിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടാൻ സർക്കാറിന് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഒന്നാം എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാന ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോവുകയായിരുന്നു.
ഭൂമിയുടെ ന്യായവില ഉയർത്തിയാൽ അതിന് ആനുപാതികമായി രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വർധിക്കും. അതേസമയം, ബജറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എട്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.