വെബ്സൈറ്റുകളിലെ ഇടപാടുകളിൽ ഇനി കാർഡിലെ വിവരങ്ങൾക്ക് പകരം ടോക്കൺ; ഓൺലൈൻ തട്ടിപ്പ് തടയുക ലക്ഷ്യം

ന്യൂഡൽഹി: ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പ് തടയാനും കൂടുതൽ സുരക്ഷിതമാക്കാനുള്ള കാർഡ് ടോക്കണൈസേഷൻ സംവിധാനം ശനിയാഴ്ച നിലവിൽ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ, ഇ-കൊമേഴ്സ് ഇടപാടുകളിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ടോക്കൺ രീതി നടപ്പാക്കുന്നത്. ആപ്പുകളിലും വെബ്സൈറ്റുകളിലും ഇടപാട് നടത്തുമ്പോൾ കാർഡിലെ വിവരങ്ങൾ സേവ് ചെയ്യുന്നത് ഇനി അനുവദിക്കില്ല.

ഓൺലൈൻ കച്ചവട വെബ്സൈറ്റുകളിൽനിന്ന് കാർഡിലെ വിവരങ്ങൾ ചോരുമെന്നതിനാലാണ് കൂടുതൽ സുരക്ഷിതമായ മാർഗം സ്വീകരിക്കുന്നത്. നേരിട്ടുള്ള ഇടപാടും പോയന്റ് ഓഫ്സെയിൽ (പി.ഒ.എസ്) ഇടപാടും നിലവിലെ രീതിയിൽതന്നെ തുടരും. കാർഡിലെ വിവരങ്ങൾ അതത് ബാങ്കുകൾക്കും കാർഡ്നെറ്റ്‍വർക്കിനും മാത്രമേ സൂക്ഷിക്കാൻ പറ്റൂ. നിലവിൽ വെബ്സൈറ്റുകളിൽ സൂക്ഷിച്ച വിവരങ്ങൾ മായ്ക്കും.

കാർഡിലെ വിവരങ്ങൾക്ക് പകരം ടോക്കൺ എന്ന പേരിലുള്ള ഒരു കോഡ് നമ്പറാകും ഓൺലൈൻ സേവനദാതാക്കൾ സൈറ്റുകളിൽ സൂക്ഷിക്കുക. ഓരോ വെബ്സൈറ്റിനും വ്യത്യസ്തമായ കോഡ് നമ്പറാകും നൽകുക. കാർഡ് നമ്പറിന്റെ അവസാന നാലക്കം മാത്രമാണ് സൈറ്റുകൾക്ക് സൂക്ഷിക്കാൻ കഴിയുക. നിലവിൽ കാർഡ് പേയ്മെന്റ് സമയത്ത് പുതിയ ചട്ടമനുസരിച്ചുള്ള ടോക്കണൈസേഷന് ഇടപാടുകാരിൽനിന്ന് അനുമതി ചോദിക്കുന്നുണ്ട്. വെബ്സൈറ്റുകളിൽ 'save card as per new RBI Guidelines എന്ന ഓപ്ഷൻ വഴി ടോക്കണൈസേഷൻ ചെയ്യാം.

ബാങ്കിന്റെ പേജിൽ കാർഡ് വിവരങ്ങൾ നൽകിയാൽ ഒ.ടി.പി നമ്പർ ഉപയോഗിച്ച് നടപടി പൂർത്തിയാക്കാം. ടോക്കൺ വിവരങ്ങൾ സേവനദാതാവിന്റെ വെബ്സൈറ്റിൽ സൂക്ഷിക്കും. ടോക്കണൈസേഷൻ നടത്തിയാൽ പിന്നീട് ഇടപാടിന്റെ സമയത്ത് കാർഡിന്റെ അവസാന നാലക്ക നമ്പർ മാത്രമേ വെബ്സൈറ്റിൽ കാണാനാകു. യഥാർഥ കാർഡ് നമ്പറിന് പകരം ടോക്കണായിരിക്കും സൈറ്റുകൾക്ക് ലഭിക്കുക. ഓരോ സൈറ്റിലും വ്യത്യസ്തമായ ടോക്കണായിരിക്കും. ടോക്കണൈസേഷന് അനുമതി നൽകിയില്ലെങ്കിൽ എല്ലാ ഇടപാടിനു മുമ്പും കാർഡുടമ വിവരങ്ങൾ നൽകേണ്ടിവരും.

ഈ വർഷം ജനുവരി ഒന്നു മുതൽ ടോക്കണൈസേഷൻ നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, ഓൺലൈൻ സേവനദാതാക്കൾ സമയം നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ആഗസ്റ്റ് ഒന്നിലേക്ക് നീട്ടി. പിന്നീടാണ് ഒക്ടോബർ ഒന്ന് മുതൽ പുതിയ ചട്ടം തുടങ്ങാൻ തീരുമാനമായത്.

Tags:    
News Summary - Token instead of card information in transactions on websites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.