വാഷിങ്ടൺ: യു.എസ് ടെക് ഭീമന്മാർ വാഴുന്ന ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള ആദ്യ എട്ടു പേരുടെ മാത്രം ആസ്തി കൊണ്ട് എന്തൊക്കെ സാധ്യമാകുമെന്നൊന്നും ചോദിക്കരുത്. കോവിഡിലും തളരാതെ അതിവേഗം സമ്പത്ത് വർധിപ്പിക്കുന്ന ഇവർ അടുത്തിടെ മാത്രം അധികമായി ഉണ്ടാക്കിയത് ശതകോടിക്കണക്കിന് ഡോളറുകൾ. 10,000 കോടി ഡോളറിലേറെ ആസ്തിയുള്ളവർ മാത്രം നിലവിൽ എട്ടു പേരുള്ളതായാണ് ബ്ലൂംബർഗ് ശതകോടീശ്വര പട്ടിക പറയുന്നത്. ഈ വർഷം അവർ പുതുതായി ആസ്തി കൂട്ടിയത് 1100 കോടി ഡോളറും. ഓഹരി മൂല്യം കുത്തനെ കുതിച്ച ഇവരുടെ കമ്പനികൾ വിപണിയിൽ നേട്ടമുണ്ടാക്കിയതോടെ എട്ടു പേരുടെ മാത്രം മൊത്തം ആസ്തി ഒരു ലക്ഷം കോടിയിലേറെ ഡോളറാണ്- അഥവാ 75 ലക്ഷം കോടിയിലേറെ രൂപ.
ഏറ്റവും മുന്നിലുള്ളത് ജെഫ് ബിസോസ് തന്നെ- 19,660 കോടി ഡോളർ. ഓൺലൈൻ വാണിജ്യവുമായി ലോകം കീഴടക്കിയ ബിസോസ് അതിവേഗമാണ് ലോകമെങ്ങും വ്യവസായം വികസിപ്പിച്ചുവരുന്നത്. രണ്ടാമതുള്ളത് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്കും (17,480 കോടി ഡോളർ) മൂന്നാമത് ബിൽ ഗേറ്റ്സും (14,460 കോടി ഡോളർ) ആണ്.
1999ൽ ആദ്യമായി ൈമക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് 100 ബില്യൺ ഡോളർ സമ്പന്നനായി മാറി നീണ്ട ഇടവേളക്കു ശേഷം സമ്പത്തിൽ അത്രയും ഉയരം തൊടുന്ന രണ്ടാമൻ ആമസോൺ ഉടമ ജെഫ് ബിസോസായിരുന്നു- 2017ൽ. ഡോട്കോം സാധ്യതകൾക്ക് ഇടിവുപറ്റിയ ഇടവേളയിൽ ബിൽ ഗേറ്റ്സ് പദവി വിട്ടെങ്കിലും രണ്ടു വർഷം മുമ്പ് അത് തിരിച്ചുപിടിച്ചു. ലോകം സാമ്പത്തിക മാന്ദ്യത്തിന്‍റെയും കോവിഡ് മഹാമാരിയുടെയും പിടിയിലമർന്ന കഴിഞ്ഞ വർഷമാണ് ടെസ്ല ഉടമ ഇലോൺ മസ്കും ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗും ഈ പട്ടികയിലെത്തിയത്.
100 കോടി ഡോളർ സമ്പാദ്യം തൊട്ട വൻ വ്യവസായികളിലേറെയും യു.എസ് ആസ്ഥാനമായുള്ളവരാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പിടിമുറുക്കിയ അതിസമ്പന്നർക്ക് സമ്പത്ത് നികുതി ഏർപെടുത്തുന്നത് പരിഗണനയിലാണ്. എന്നാൽ, ഡെമോക്രാറ്റുകളുടെ ഈ ആവശ്യം റിപ്പബ്ലിക്കൻ സാന്നിധ്യം നന്നായുള്ള യു.എസ് കോൺഗ്രസ് കടക്കാൻ സാധ്യത വളരെ കുറവ്.
ഗൂഗ്ൾ ഉടമകളായ ലാറി പേജും സെർജി ബ്രിനും 2000 കോടി ഡോളർ വീതമാണ് ഓരോരുത്തരും വർധിപ്പിച്ച് പട്ടികയിലേക്ക് കയറിത്. ഫ്രഞ്ച് ആഡംബര വ്യവസായ ഗ്രൂപായ എൽ.വി.എം.ച്ച് ഉടമ ബെർണാഡ് അർണോൾട്ട് 2019മുതൽ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.