ഇന്ത്യ തീരുവ കുറക്കുകയോ ചര്‍ച്ച അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് മറ്റു രാജ്യങ്ങള്‍

ന്യൂഡല്‍ഹി: നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചര്‍ച്ചകളുടെ പൂര്‍ത്തീകരണത്തിന് ഒന്നുകില്‍ ഇന്ത്യ മിക്ക ഉല്‍പന്നങ്ങള്‍ക്കുമുള്ള ഇറക്കുമതിത്തീരുവ അവസാനിപ്പിക്കാനോ കുറക്കാനോ തയാറാവുകയോ അല്ളെങ്കില്‍, ചര്‍ച്ച ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് 16 ഏഷ്യ-പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മയായ റീജനല്‍ കോമ്പ്രഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിലെ (ആര്‍.സി.ഇ.പി) മറ്റ് രാജ്യങ്ങള്‍. ഇന്ത്യയുടെ പ്രതിരോധ മനോഭാവത്തോടും അര്‍ധമനസ്സോടുംകൂടിയ സമീപനമാണ് ചര്‍ച്ചകളുടെ ഫലവത്തായ പര്യവസാനം വൈകിക്കുന്നതെന്ന വിലയിരുത്തലിലാണ് മറ്റ് രാജ്യങ്ങള്‍ ഈ അന്ത്യശാസനം നല്‍കിയതെന്ന് വാണിജ്യമന്ത്രാലയത്തിലെ ഉന്നതര്‍ പറയുന്നു. ഫെബ്രുവരിയില്‍ ബ്രൂണെയില്‍ നടന്ന ചര്‍ച്ചകളിലും ആശങ്ക ഉയര്‍ത്തിയ സ്ഥിതിക്ക് ഏപ്രില്‍ 23 മുതല്‍ 29വരെ പെര്‍ത്തില്‍ നടക്കുന്ന 12ാം വട്ട ചര്‍ച്ച ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നും ഈ രാജ്യങ്ങള്‍ പറയുന്നു. 
10 ആസിയാന്‍ രാജ്യങ്ങള്‍ക്കു പുറമേ ചൈന, ജപ്പാന്‍, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യക്കു പുറമേ ആര്‍.സി.ഇ.പിയിലുള്ളത്. മാനവശേഷിയുടെ കയറ്റുമതിയില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും നിക്ഷേപത്തിന്‍െറയും കാര്യത്തില്‍ ഉദാരസമീപനത്തിന് മടിക്കുകയാണെന്നുമാണ് മറ്റു രാജ്യങ്ങളുടെ നിലപാട്. ഇന്ത്യ ആര്‍.സി.ഇ.പിയുടെ ഭാഗമായിരിക്കണമോ എന്നതില്‍ പ്രധാനമന്ത്രിയില്‍നിന്നുതന്നെ വ്യക്തതവരുത്താനുള്ള ശ്രമത്തിലാണ് വിദേശ, വാണിജ്യമന്ത്രാലയങ്ങളിലെ ഉന്നതര്‍. ലോകത്തെ മൂന്നു പ്രധാന നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഒന്നാണ് ആര്‍.സി.ഇ.പി. യു.എസിന്‍െറ നേതൃത്വത്തിലുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്, യു.എസും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള ട്രാന്‍സ് അറ്റ്ലാന്‍റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ട്ണര്‍ഷിപ് എന്നിവയാണ് മറ്റു രണ്ടെണ്ണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.