ചെമ്മീന്‍ ആളത്ര നിസ്സാരക്കാരനല്ല

ചെമ്മീന്‍ ആളത്ര നിസ്സാരക്കാരനല്ളെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നടപ്പ് സാമ്പത്തികവര്‍ഷം 5.6 ബില്യന്‍ ഡോളറെങ്കിലും (36,960 കോടി രൂപ) സമുദ്രോല്‍പന്ന കയറ്റുമതിയിലൂടെ ലഭിക്കണമെന്നാണ് രാജ്യം പദ്ധതിയിടുന്നത്. ഇതിനു ചെമ്മീന്‍ തന്നെ ശരണമെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമുദ്രോല്‍പന്ന കയറ്റുമതിയുടെ സ്ഥിതിവിവര കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ് ചെമ്മീനിലേക്ക് തിരിയാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. കയറ്റുമതിയില്‍നിന്നുള്ള വരുമാനം വര്‍ഷന്തോറും വര്‍ധിക്കുകയാണ് വേണ്ടത്. എന്നാല്‍, ഇക്കുറി കയറ്റുമതി വരുമാനം കുറയുകയായിരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 33,441.6 കോടി രൂപയുടെ വിദേശനാണ്യമാണ് സമുദ്രോല്‍പന്ന കയറ്റുമതിയിലൂടെ ലഭിച്ചതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 30,420.83 കോടിയായി കുറഞ്ഞു. 3000 കോടിയിലധികം രൂപയുടെ ഇടിവ്. 
അമേരിക്കന്‍ ഡോളര്‍ കണക്കില്‍ പറഞ്ഞാല്‍ 4.6 ബില്യന്‍ (460 കോടി) ഡോളറാണ് 2015-16 സാമ്പത്തിക വര്‍ഷം സമുദ്രോല്‍പന്ന കയറ്റുമതിയിലൂടെ ഇന്ത്യക്ക് ലഭിച്ചത്. 
36,960 കോടി എന്ന ലക്ഷ്യം നേടുന്നതിന് രാജ്യവ്യാപകമായി വനാമി ചെമ്മീന്‍ കൃഷി നടത്തണമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സമുദ്രോല്‍പന്ന കയറ്റുമതി പ്രോത്സാഹന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) നിര്‍ദേശം. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ അവര്‍ ഈ നിര്‍ദേശം വെച്ചിട്ടുണ്ട്. 
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നിന്ന് കയറ്റിയയച്ച മത്സ്യവിഭവങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചെമ്മീനാണ് എന്നതിനാലാണ് ഭാവിയിലേക്കുള്ള പ്രതീക്ഷയിലും ചെമ്മീനിന് മുഖ്യസ്ഥാനം നല്‍കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമുദ്രോല്‍പന്ന കയറ്റുമതിയുടെ ഡോളര്‍ മൂല്യത്തില്‍ 66.06 ശതമാനവും അളവില്‍ 39.53 ശതമാനവും ശീതികരിച്ച ചെമ്മീനായിരുന്നു. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം 3,73,866 മെട്രിക് ടണ്‍ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. അമേരിക്കയാണ് ഇന്ത്യയില്‍നിന്നുള്ള ചെമ്മീനിന്‍െറ മുഖ്യ ഉപഭോക്താവ്. 1,34,144 മെട്രിക് ടണ്‍ ചെമ്മീനാണ് അമേരിക്ക ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്. 
തൊട്ടുപിന്നില്‍ യൂറോപ്യന്‍ യൂനിയനാണ്- 81,849 ടണ്‍. തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ 65,188 ടണ്ണും ജപ്പാന്‍ 34,204 ടണ്ണും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 17,477 ടണ്ണും ചൈന 9542 ടണ്ണും ചെമ്മീന്‍ ഇറക്കുമതി ചെയ്തു. 
ആഗോളതലത്തില്‍ ചെമ്മീനിന് ആവശ്യകത വര്‍ധിച്ചതോടെ തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ ചെമ്മീന്‍ കൃഷി സജീവമാക്കി രംഗത്തിറങ്ങിയതാണ് ഈ രംഗത്ത് ഇന്ത്യക്ക് വെല്ലുവിളി. ഈ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുകൂടി അന്താരാഷ്ട്ര വിപണിയിലത്തെിയതോടെ ചെമ്മീനിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറയുകയും ചെയ്തു.
എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള വനാമി ചെമ്മീനിന് ഇപ്പോഴും ആവശ്യകത ഏറെയാണ്. ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളെല്ലാംതന്നെ വനാമി ചെമ്മീനിന്‍െറ ആവശ്യക്കാരാണ്. കടല്‍ച്ചെമ്മീനിന്‍െറ ആവശ്യകത കുറഞ്ഞപ്പോഴും ചെമ്മീന്‍ പാടങ്ങളില്‍നിന്നുള്ള വനാമി ചെമ്മീന്‍ കയറ്റുമതി മുന്‍വഷത്തെക്കാള്‍ 16 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്. 2014-15 ലെ 2,22,176 ടണ്ണില്‍നിന്ന് 2,55,699 ടണ്ണായി ഉയര്‍ന്നു. 
വനാമി ചെമ്മീനിന്‍െറ 50.18 ശതമാനവും കയറ്റുമതി ചെയ്തത് അമേരിക്കയിലേക്കാണ്. ഇതിനുപുറമേ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും (17.25 ശതമാനം), യൂറോപ്പിലേക്കും (15.78), ജപ്പാനിലേക്കും (4.55), മിഡില്‍ ഈസ്റ്റിലേക്കും, (3.62), ചൈനയിലേക്കും (2.23), മറ്റു രാജ്യങ്ങളിലേക്കും (6.40 ശതമാനം) വനാമി ചെമ്മീന്‍ കയറ്റിയയച്ചു. 
ഈ സാഹചര്യത്തില്‍, ചെമ്മീന്‍ പാടങ്ങളില്‍ ശാസ്ത്രീയമായി ചെമ്മീന്‍ കൃഷി നടത്തി കയറ്റുമതി വര്‍ധിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.