ബജറ്റ്: കൃഷിക്ക് എന്തുകിട്ടും

എന്‍.ആര്‍.ഐ ഇക്കോണമി എന്നറിയപ്പെടുന്ന, കേരളത്തില്‍ നിന്ന് ജോലി തേടിപ്പോയ പ്രവാസികളൈ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് കാര്‍ഷിക സമ്പദ് വ്യവസ്ഥയിലേക്ക് ചുവട് മാറ്റിയാലേ കേരളത്തിന് ഭാവിയുള്ളൂ എന്ന് സാമ്പത്തിക വിഗ്ധര്‍ നേരരെത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് അനുസൃതമായ എന്ത് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്ന് അറിയാനാണ് കാര്‍ഷിക ലോകം കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ കാത്തിരിക്കുന്നത്. 
റബറിന് 200 രൂപയെങ്കിലും തറവില, നാളികേര കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍, ജൈവ കൃഷിക്ക് പ്രോല്‍സാഹനം, തോട്ടം മേഖലക്ക് രക്ഷാ പാക്കേജ്.... കാര്‍ഷിക കേരളത്തിന്‍െറ പ്രതീക്ഷകള്‍ ഏറെയാണ്. റബര്‍ കര്‍ഷകരുടെ രക്ഷക്ക് കേന്ദ്രം 500 കോടി നല്‍കുമെന്ന് എം.പിയും അക്കാര്യം ചിന്തിച്ചിട്ടേ ഇല്ളെന്ന് കേന്ദ്ര മന്ത്രിയും പറയുന്നതിനിടക്കാണ് കര്‍ഷകര്‍ സംസ്ഥാന ബജറ്റിന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് കാതോര്‍ത്തത്. അതിലും കാര്യമായൊന്നുമുണ്ടായില്ല. 
സംസ്ഥാനത്ത് ലക്ഷക്കണക്കിന് ചെറുകിട റബര്‍ കര്‍ഷകരുണ്ട്. അവരെ ആശ്രയിച്ച് അരകോടിയോളം പേരും കഴിയുന്നുണ്ട്. വന്‍കിട തോട്ടം മുതലാളിമാര്‍ മുതല്‍ അന്നന്ന് റബര്‍ ഷീറ്റ് വിറ്റ് അരിവാങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ റബര്‍ കര്‍ഷകര്‍ക്കിടയിലുണ്ട്. അവരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്.
നാളികേര കര്‍ഷകരും പ്രതീക്ഷയിലാണ്; ബജറ്റില്‍ എന്തെങ്കിലും രക്ഷാ പാക്കേജ് ഉണ്ടാവുമെന്ന്. സംസ്ഥാനത്ത് നാളികേര ഉല്‍പാദനം കുറയുമ്പോഴും ഉല്‍പന്നത്തിന് വില കിട്ടുന്നില്ല. 2014ലെ ഓണക്കാലത്ത് കിലോക്ക് 167 രൂപ വരെ ഉയര്‍ന്ന വെളിച്ചെണ്ണ കഴിഞ്ഞ ഓണമായപ്പോഴേക്കും നൂറുരൂപയിലത്തെി. ഓണം കഴിഞ്ഞപ്പോള്‍ വില വീണ്ടും ഇടിഞ്ഞു. ഇപ്പോള്‍ മൊത്ത വിപണിയില്‍ വെളിച്ചെണ്ണ വില 85-90 എന്ന നിലയിലാണ്.  നാളികേരം കിലോക്ക് 25 രൂപ ലഭിച്ചിരുന്നിടത്ത് 17-18 രൂപയിലേക്ക് കുറഞ്ഞു. അതേസമയം, തമിഴ്നാട്ടില്‍ നിന്ന് പുലര്‍ച്ചെ ലോറി കയറിയത്തെുന്ന ഇളനീരിന് 35 രൂപയാണ് വില. തമിഴ്നാട്ടില്‍  നിന്ന് തേങ്ങ വരുന്നതും  വെളിച്ചെണ്ണ മൊത്തമായി വാങ്ങിയിരുന്ന ഉത്തരേന്ത്യന്‍ കമ്പനികള്‍ മാറിനില്‍ക്കുന്നതുമൊക്കെയാണ് വിലയിടിവിന് കാരണമായി  വിപണി വിദഗ്ധര്‍ വിശദീകരിക്കുന്നത്. ഈ വര്‍ഷവും നാളികേര ഉല്‍പദാനത്തില്‍ കുറവ് വരുമെന്നാണ് വിലയിരുത്തല്‍.  രാജ്യത്തെ നാളികേരോല്‍പാദനത്തില്‍ 91 ശതമാനവും  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഈ മേഖലയിലാകട്ടെ കാലവര്‍ഷത്തില്‍ 16 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി അടുത്ത വര്‍ഷം നാളികേരോല്‍പാദനത്തില്‍ പത്ത് ശതമാനമെങ്കിലും കുറവുണ്ടാകാം. 
എന്നിട്ടും ദിനംപ്രതി തേങ്ങക്കും വെളിച്ചെണ്ണക്കും വില കുറയുകയാണ്. ഉല്‍പന്ന വൈവിധ്യത്തിന്‍െറ അഭാവമാണ് ഈ മേഖല നേരിടുന്ന മുഖ്യപ്രശ്നം.  തേങ്ങയില്‍ നിന്ന് വെളിച്ചെണ്ണയും തേങ്ങാപ്പാലും തെങ്ങില്‍ നിന്ന് നീരയും മാത്രമാണ് നമ്മുടെ ഉല്‍പന്ന വൈവിധ്യം. എന്നാല്‍, അമേരിക്കന്‍ കമ്പനികള്‍ തേങ്ങാപാലില്‍ നിന്ന് 65ലധികം ഉല്‍പന്നങ്ങളാണ് വിപണനം നടത്തുന്നത്.  ബജറ്റില്‍ നാളകേര ഉല്‍പന്ന വൈവിധ്യവത്കരണത്തിനുള്ള പദ്ധതികളും കര്‍ഷകര്‍ക്ക് രക്ഷാപാക്കേജും മറ്റുമാണ് പ്രതീക്ഷിക്കുന്നത്. 
സമരങ്ങളാല്‍ ശ്രദ്ധനേടിയ തോട്ടം മേഖലയിലും സ്ഥിതി ഒട്ടും പ്രതീക്ഷാ നിര്‍ഭരമല്ല. രാജ്യത്തുതന്നെ ഏറ്റവുമധികം സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റിയയക്കുന്ന സംസ്ഥാനം കേരളമാണ്. 2014-15 സാമ്പത്തിക വര്‍ഷം 12304 കോടി രൂപയുടെ വിദേശനാണ്യമാണ് സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ നിന്ന് രാജ്യം നേടിയത്. 
ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നതാകട്ടെ  14014 കോടി രൂപയും. ഏലം, കുരുമുളക്, വറ്റല്‍മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, പെരുഞ്ചീരകം, വെളുത്തുള്ളി, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിന്‍, തേയില  തുടങ്ങിയവയാണ് കൂടുതലായി കയറ്റിപ്പോകുന്നത്. ഏലം വില അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ നിരക്കിലാണ്്. മൂന്ന് വര്‍ഷംമുമ്പ് കിലോക്ക് രണ്ടായിരം രൂപാവരെ ഉയര്‍ന്ന  സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 550വരെ താഴ്ന്നു. 
ഇപ്പോള്‍ ഒരല്‍പം മെച്ചപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 21450 ടണ്‍കുരുമളുക് കയറ്റുമതിയിലൂടെ 1200 കോടി  രൂപയുടെ വിദേശ നാണ്യമാണ് രാജ്യം നേടി. എന്നാല്‍, ഇപ്പോള്‍ കുരുമുളക് കര്‍ഷകരും അങ്കലാപ്പിലാണ്.  വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളകാണ് അവരുടെ ഉറക്കം കെടുത്തുന്നത്. തേയില കര്‍ഷകര്‍ക്കാണെങ്കില്‍ വിലയിടിവിന്‍െറ സങ്കടക്കണക്കുകളാണ് പറയാനുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരുകിലോ തേയില വിയില്‍ 22 രൂപയുടെ കുറവാണ് ഉണ്ടായത്. 
ഒരുകിലോ തേയിലക്ക് 2014ല്‍ 15.85 രൂപയും 2015 ആദ്യപകുതിയില്‍ 6.08 രൂപയുമാണ് കുറഞ്ഞത്. തേയില വിലയിടിവ് കാരണം ദക്ഷിണേന്ത്യയിലെ 3.65 ലക്ഷം തോട്ടം തൊഴിലാളികളും 70,000 ചെറുകിട തോട്ടം ഉടമകളും അവരുടെ കുടുംബങ്ങളുമാണ് ദുരിതതിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിലാണ് തോട്ടം മേഖലയുടെ പ്രതീക്ഷ മുഴുവന്‍. വന്‍തോതിലുള്ള ഏലം ഇറക്കുമതി തടയല്‍, റബര്‍ ഇറക്കുമതി നിരോധം സ്ഥിരപ്പെടുത്തല്‍, സുഗന്ധവ്യഞ്ജന കയറ്റുമതി പ്രോല്‍സാഹന പദ്ധതികള്‍ അങ്ങനെ പലതും തോട്ടം മേഖല പ്രതീക്ഷിക്കുന്നു. സംസ്ഥാന ബജറ്റില്‍ നിന്നാകട്ടെ നെല്‍കൃഷി, ജൈവ പച്ചചക്കറി കൃഷി തുടങ്ങിയവക്കുള്ള പ്രോല്‍സാഹന പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. 2016ല്‍ കേരളം ജൈവ സംസ്ഥാനമാക്കുക എന്നത് സര്‍ക്കാരിന്‍െറ പ്രഖ്യാപിത നയവുമാണ്്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.