തുറമുഖങ്ങള്‍ വീണ്ടും വിദേശനിക്ഷേപം ആകര്‍ഷിക്കുന്നു

രാജ്യത്തെ തുറമുഖങ്ങളിലേക്ക് വീണ്ടും വിദേശനിക്ഷേപം വരുന്നു. ഇന്ത്യയില്‍ തുറമുഖങ്ങളുടെ വളര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് വിവിധ വിദേശ കമ്പനികള്‍  നിക്ഷേപ താല്‍പര്യം കാണിച്ചിരിക്കുന്നത്.  
ഇന്ത്യയില്‍നിന്നുള്ള ചരക്കുകളുടെ 45 ശതമാനവും കൊളംബോ, സലാല, ജബല്‍ അലി തുടങ്ങിയ ഹബ് തുറമുഖങ്ങളിലൂടെയാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് കപ്പല്‍വഴി കയറ്റിയയക്കുന്നത്. അതേസമയം, ഇന്ത്യയിലെ കണ്ടെയ്നര്‍ വ്യാപാരം പ്രതിവര്‍ഷം 15 ശതമാനം എന്ന നിലക്ക് വളരുകയുമാണ്. ഈ സ്ഥിതിക്ക് ഇന്ത്യയുടെ വിവിധ തുറമുഖങ്ങളില്‍ അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ക്ക് വന്‍ സാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ മുതല്‍ മുടക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.  രാജ്യത്തിനകത്തുതന്നെ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് വികസിപ്പിക്കുന്നത് ഈ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാറും കരുതുന്നു.  
ഇന്ത്യയില്‍ നൂറു കോടി ഡോളര്‍ വിദേശ നിക്ഷേപം നടത്താന്‍ തുറമുഖ നടത്തിപ്പിലെ ആഗോള ഭീമനായ ഡി.പി വേള്‍ഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹി സന്ദര്‍ശിച്ച അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍, ഡി.പി വേള്‍ഡ് ഗ്രൂപ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം എന്നിവര്‍ കൂടുതല്‍ മുതല്‍മുടക്ക് സംബന്ധിച്ച സൂചനകള്‍ നല്‍കുകയും ചെയ്തു. ഡി.പി വേള്‍ഡ് ഏറ്റെടുത്ത് നടത്തുന്ന കൊച്ചിയിലെ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ 2015 എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2014ലും എട്ടുശതമാനമായിരുന്നു വളര്‍ച്ച. കപ്പലുകളുടെ വരവില്‍ 13 ശതമാനം വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. നിലവില്‍ ഡി.പി വേള്‍ഡ് ഇന്ത്യയില്‍ 120 കോടി ഡോളറിന്‍െറ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 1999ല്‍ മഹാരാഷ്ട്രയിലെ നവശേവ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ മുതല്‍മുടക്കികൊണ്ടാണ് ഇവര്‍ ഇന്ത്യയിലേക്ക് വന്നത്.  ബി.ഒ.ടി വ്യവസ്ഥയില്‍  30 വര്‍ഷത്തെ കരാറിലാണ് ഈ തുറമുഖം പ്രവര്‍ത്തിക്കുന്നത്. 
 2001ല്‍ ചെന്നൈ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയിലും 2003ല്‍ ഗുജറാത്തിലെ മുന്ദ്ര കണ്ടെയ്നര്‍ ടെര്‍മിനല്‍പദ്ധതി, വിശാഖപട്ടണം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി തുടങ്ങിയവയിലും മുതല്‍ മുടക്കി. രാജ്യത്തെ ചെറുകിട തുറമുഖങ്ങളില്‍ നടപ്പാക്കുന്ന ആദ്യ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി കൂടിയാണിത്. 2013 ജൂണില്‍ നവശേവ തുറമുഖത്തെ 330 മീറ്റര്‍ വരുന്ന പുതിയ  ടെര്‍മിനല്‍ പദ്ധതിയും ഇവര്‍ ഏറ്റെടുത്ത് നടപ്പാക്കി. 
2004ലാണ് കൊച്ചിയിലെ രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വല്ലാര്‍പാടത്ത് ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുമുള്ള അനുമതി കൊച്ചി തുറമുഖം ഡിപി വേള്‍ഡിന് നല്‍കിയത്. പൂര്‍വ - പശ്ചിമ വ്യാപാരപാതക്ക് സമീപമായി തന്ത്രപരമായ സ്ഥാനത്താണ് കൊച്ചി സ്ഥിതി ചെയ്യുന്നത്. മധ്യകിഴക്കനേഷ്യ - വിദൂര പൂര്‍വേഷ്യ സീ റൂട്ടിലേക്ക് 11 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം എന്നതാണ് ഇവിടേക്ക് ഡി.പി വേള്‍ഡിനെ ആകര്‍ഷിച്ചത്. 
ഇന്ത്യയുമായുള്ള ദുബൈയുടെ എണ്ണ ഇതര വിദേശവ്യാപാരത്തില്‍ 2004നും 2014നുമിടയില്‍ രേഖപ്പെടുത്തിയത് 144 ശതമാനം വളര്‍ച്ചയാണ്. 2014 അവസാനത്തോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 109.34 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിലത്തെി. 2004ല്‍ ഇത് 44.87 ബില്യന്‍ യു.എ.ഇ ദിര്‍ഹമായിരുന്നു.
2015ല്‍ ദുബൈയുടെ ഏറ്റവുംവലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയും ഇന്ത്യയാണ്. 2015ലെ ആദ്യ ഒമ്പതു മാസങ്ങളില്‍ 73.86 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്‍്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ഇതില്‍ കയറ്റുമതി 41.73 ബില്യണ്‍ ദിര്‍ഹവും കയറ്റുമതി 14.54 ബില്യണ്‍ ദിര്‍ഹവും പുനക്കയറ്റുമതി 17.59 ബില്യണ്‍ ദിര്‍ഹവുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.