എന്നുവരും രാത്രി ഷോപ്പിങ്

രാത്രി വൈകിയും ഷോപ്പിങ് എന്നതാണ് പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും മുഖ്യ ആകര്‍ഷണം. പക്ഷേ, നമ്മുടെ നാട്ടില്‍ സ്ഥിതി മറിച്ചാണ്; രാത്രി ഒമ്പതോടെ കടകള്‍ അടയും, തെരുവുകള്‍ വിജനമാവും; വാഹനയോട്ടം നിലക്കും. രാത്രിവണ്ടിക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ വന്നിറങ്ങുന്നവര്‍ക്ക് ഏതെങ്കിലും ഓട്ടോറിക്ഷ കിട്ടിയാല്‍ മഹാഭാഗ്യം. രാത്രി 12 മണിക്കുമുമ്പ് എത്തിയാല്‍ തട്ടുകടയില്‍ നിന്നെങ്കിലും ഭക്ഷണം കിട്ടും. അതും കഴിഞ്ഞാല്‍ അത്താഴപ്പട്ടിണി; തെരുവിലുറക്കം. 
കഴിഞ്ഞവര്‍ഷം കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം ഒരു തീരുമാനമെടുത്തിരുന്നു. 2015 ആഗസ്റ്റ് പതിനഞ്ചോടെ എറണാകുളം ബ്രോഡ്വേയില്‍ രാത്രി ഷോപ്പിങ് ഏര്‍പ്പെടുത്തും. അനുബന്ധമായി സുരക്ഷിത സഞ്ചാരത്തിന് സൗകര്യം, രാത്രി മുഴുവന്‍ ബസ് സര്‍വിസ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും പ്രഖ്യാപിച്ചു. ദോഷം പറയരുതല്ളോ, 2016 ആഗസ്റ്റ് ആകാറായിട്ടും കടകള്‍ ഇപ്പോഴും ഒമ്പതുമണിക്ക് മുമ്പ് അടക്കും. എട്ടരയോടെ ബസ് സര്‍വിസ് നിലക്കും, രാത്രി ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടം അങ്ങനെ പലതുമുണ്ട്  ഇതിന് കച്ചവടക്കാര്‍ക്ക്  ന്യായീകരണം. 
കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ പ്രഖ്യാപനം രാത്രി വ്യാപാരത്തിന് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഷോപ്പിങ് മാളുകള്‍, റീട്ടെയില്‍ കടകള്‍, റസ്റ്റാറന്‍റുകള്‍ എന്നിവക്ക് വര്‍ഷം മുഴുവന്‍ രാത്രിയും പകലും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുംവിധം ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ബില്‍ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രം. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ക്ക് സുരക്ഷിതത്വവും ഷിഫ്റ്റ് സമ്പ്രദായവും ഏര്‍പ്പെടുത്തിയാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാത്രി മുഴുവന്‍ തുറന്നിരിക്കാന്‍ അനുമതി നല്‍കും. നിലവില്‍ കടകള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ അടക്കണമെന്നാണ് ചട്ടം. ഇതുകാരണമാണ് നഗരങ്ങളടക്കം രാത്രി പത്തുമണിയോടെ വിജനതയിലേക്ക് നീങ്ങുന്നത്. 
കേന്ദ്ര സര്‍ക്കാറിന്‍െറ ബില്ല് നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണ്. ആവശ്യമായ സുരക്ഷിതത്വവും ഗതാഗത സംവിധാനങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ രാത്രി ഷോപ്പിങ് യാഥാര്‍ഥ്യമാകൂവെന്നാണ് വ്യാപാരികളുടെ പ്രതികരണം. ഇത് നടപ്പായാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും വിറ്റുവരവില്‍ വര്‍ധനയുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 
രാത്രി ഷോപ്പിങ് ഏര്‍പ്പെടുത്തുന്നതോടെ ശമ്പളം, വൈദ്യുതി, സുരക്ഷ ഇനങ്ങളിലുള്ള ചെലവ് വര്‍ധിക്കുമെന്ന ആശങ്കയും വ്യാപാര സമൂഹം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ പ്രമുഖ നഗരത്തില്‍ മാതൃകാ രാത്രി ഷോപ്പിങ് തെരുവ് സ്ഥാപിച്ച് ജനത്തിന്‍െറ പ്രതികരണമറിഞ്ഞുവേണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, രാത്രി വൈകി കുടുംബങ്ങളായും അല്ലാതെയും നഗരത്തിലിറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസ് സംവിധാനം കാര്യക്ഷമമാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സുരക്ഷിതത്വ ഭീതി കാരണമാണ് പല കുടുംബങ്ങളും ഇപ്പോള്‍ ഒമ്പതുമണിയോടെ വീടണയുന്നത്. 
സ്വന്തമായി വാഹനമുള്ളവര്‍ മാത്രമാണ് 11 മണി വരെ തുറന്നിരിക്കുന്ന മാളുകളിലും മറ്റും എത്തുന്നത്. അവര്‍തന്നെ, ഏറെ വൈകും മുമ്പ് മടങ്ങാന്‍ തിടുക്കം കൂട്ടുന്നവരാണെന്നും വ്യാപാരി സമൂഹം ചൂണ്ടിക്കാണിക്കുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.