പ്രതിഷേധങ്ങള്‍ക്ക് ബലമില്ല;  ബാങ്ക് ലയന നീക്കം മുന്നോട്ട്

ഏഴു പതിറ്റാണ്ട് പാരമ്പര്യമുള്ള, കേരളത്തിന്‍െറ സ്വന്തം ബാങ്ക് എന്ന അവകാശവാദമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച് ഇല്ലാതാകാന്‍ ബാക്കിയുള്ളത് ഏഴോ എട്ടോ മാസങ്ങള്‍കൂടി. ലയന വാര്‍ത്ത പുറത്തുവന്ന് മാസമൊന്ന് കഴിഞ്ഞിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്നല്ലാതെ കാര്യമായ ജനകീയ പ്രതിഷേധമൊന്നും ഉയരുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയും ഭാരതീയ മഹിളാ ബാങ്കും എസ്.ബി.ഐയില്‍ ലയിപ്പിക്കാനാണ് ഈ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞമാസം പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനിച്ചത്. എസ്.ബി.ഐയെ അന്താരാഷ്ട്രതലത്തില്‍ എണ്ണപ്പെടുന്ന 50 ബാങ്കുകളില്‍ ഒന്നാക്കുക എന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയത്തിന്‍െറ ഭാഗമായാണ് ലയനം. ഈ നയംവഴി ഇല്ലാതാകുന്നതില്‍ ഒന്ന് എസ്.ബി.ടിയാണ്. എസ്.ബി.ടിയുടെ ശക്തി ഇങ്ങനെ:  16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാന്നിധ്യം. മൊത്തം 1177 ശാഖകള്‍. ഇതില്‍ 852 എണ്ണം കേരളത്തില്‍. മൊത്തം 1707 എ.ടി.എമ്മുകള്‍.  ആകെ ജീവനക്കാരുടെ എണ്ണം 14,892. 1,00,473 കോടി രൂപ നിക്ഷേപവും  67,004 കോടി രൂപ വായ്പയുമുണ്ട്. 67 ശതമാനമാണ് നിക്ഷേപ-വായ്പാ അനുപാതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 338 കോടി രൂപ അറ്റാദായം നേടി. 
ഇങ്ങനെയുള്ള ബാങ്ക് കേരളത്തിന്‍േറത് അല്ലാതാകുമ്പോള്‍ പ്രതിഷേധം ഉയരേണ്ടതല്ളേ എന്നാണ് ചോദ്യം. ഇതിന് ഒരു മറുവശവുമുണ്ട്.  ഇത്രയുംകാലം പല എസ്.ബി.ടി ശാഖകളില്‍നിന്ന് സാധാരണക്കാര്‍ നേരിട്ട അനുഭവങ്ങളാണ് അവരെ പ്രതിഷേധത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. പല ശാഖകളും പരമ്പരാഗത സര്‍ക്കാര്‍ ഓഫിസ് രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.  ഒരു വായ്പാ അപേക്ഷയില്‍ ഒമ്പത് തടസ്സം രേഖപ്പെടുത്തുന്നതിലായിരുന്നു പല ജീവനക്കാര്‍ക്കും മിടുക്ക്.  ഇതത്തേുടര്‍ന്ന് വായ്പക്കായി പലരും പുതുതലമുറ ബാങ്കുകളെ മുതല്‍ ബ്ളേഡ് കമ്പനികളെ വരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. സ്റ്റേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നത് ഗുണംചെയ്യുക വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മാത്രമെന്ന് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സാധാരണ ഇടപാടുകാര്‍ക്ക് ദേശീയ ബാങ്കുകള്‍ അന്യമായി മാറുകയും  സംസ്ഥാനത്തിന്‍െറ വാണിജ്യ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യും. കോര്‍പറേറ്റുകളുടെ കിട്ടാക്കടം പെരുകുന്നതിനുള്ള സാധ്യതയും വര്‍ധിക്കും. 
മറ്റ് ബാങ്കുകള്‍ വന്‍കിട പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നത് വിവിധ ബാങ്കുകളുടെ കണ്‍സോര്‍ട്യം രൂപവത്കരിച്ചാണ്. സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാലും സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കായാലും ഇങ്ങനെയാണ് വായ്പ നല്‍കുക. പല ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ട്യം വായ്പ അനുവദിക്കും മുമ്പ് ഇത്തരം പദ്ധതികളുടെ ലാഭനഷ്ട സാധ്യതകള്‍ ഓരോ ബാങ്കും പ്രത്യേകം പരിശോധിക്കും. അതിനാല്‍ തട്ടിപ്പ് സാധ്യത ഒരുപരിധിവരെ കുറയും. ഇത് മാറി ഒറ്റ ബാങ്കാകുന്നതോടെ തീരുമാനമെടുക്കുന്ന കേന്ദ്രവും ഒന്നായി മാറും. അതോടെ കോര്‍പറേറ്റുകളുടെ താല്‍പര്യമാകും കൂടുതല്‍ സംരക്ഷിക്കപ്പെടുക. 
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്  സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ മുതല്‍മുടക്കുണ്ട്. വ്യാപാരമേഖലയിലും വന്‍തോതില്‍ വായ്പ നല്‍കിയിട്ടുണ്ട്. ലയിച്ച് എസ്.ബി.ടി ഇല്ലാതാകുന്നതോടെ കേരളത്തോടുള്ള പ്രത്യേക പരിഗണന അവസാനിക്കുമെന്ന ആശങ്കയാണ് ലയനത്തെ എതിര്‍ക്കുന്നവര്‍ പങ്കുവെക്കുന്നത്. ലാഭസാധ്യത കുറഞ്ഞ ഇടപാടുകള്‍ നിരുല്‍സാഹപ്പെടുത്തുന്നതോടെ സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഭവനവായ്പ, വാഹന വായ്പ, വാണിജ്യ വായ്പ തുടങ്ങിവയോടുള്ള താല്‍പര്യം കുറയും. 
എസ്.ബി.ഐക്ക് സംസ്ഥാനത്ത് നിലവില്‍ 450 ശാഖകളുണ്ട്. ലയനം യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ള എസ്.ബി.ടി ശാഖകള്‍ എസ്.ബി.ഐ ശാഖകളായി മാറുമെന്ന് മാത്രമല്ല, പ്രവര്‍ത്തന ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി അടുത്തടുത്തുള്ള ശാഖകള്‍ ലയിപ്പിച്ച്, ചില ശാഖകള്‍ പൂട്ടുകയും ചെയ്യും. 
ഇത് പ്രായമായവര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. അധികമുള്ള ജീവനക്കാരെ പുറന്തള്ളാനും കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സ്ഥലംമാറ്റങ്ങള്‍ ഇന്ത്യയിലാകമാനം എന്ന നിലയിലേക്ക് വ്യാപിക്കാനും ഇടവരുമെന്ന് മാത്രമല്ല, സ്ഥാനക്കയറ്റ സാധ്യതകള്‍ മങ്ങും എന്നതുമാണ് ജീവനക്കാരുടെ ഭയം. ഏതായാലും, ലയനത്തിന് ഗവണ്‍മെന്‍റ് തല അനുമതി ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കമാണ് നടക്കുന്നതും. എസ്.ബി.ഐക്ക് എസ്.ബി.ടിയില്‍ 79 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 

ജീവനക്കാരുടെ വാദം
* ലയനത്തോടെ എസ്.ബി.ടിയുടെ സ്വതന്ത്ര അസ്തിത്വം ഇല്ലാതാകും. അത് കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. 
* കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴില്‍ സംരംഭം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം വായ്പ നല്‍കിയ ബാങ്കാണ് എസ്.ബി.ടി. ആ സാധ്യതകളും ഇല്ലാതാകും.
* സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്ന മുഖ്യ ബാങ്കും എസ്.ബി.ടിയാണ്. 
* സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം വായ്പ നല്‍കിയ ബാങ്ക്. പുതിയ സാഹചര്യത്തില്‍ അത്തരം സാധ്യതകളും ഇല്ലാതാകും.
* വായ്പാ, നിക്ഷേപ നയങ്ങളില്‍ കേരളത്തിന്‍െറ താല്‍പര്യം പരിഗണിക്കപ്പെടില്ല. 
* മുമ്പ് ലയിപ്പിച്ച ബാങ്കുകളുടെ 50 ശതമാനംവരെ ഉപഭോക്താക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എസ്.ബി.ടിയുടെ നിലവിലുള്ള ഉപഭോക്താക്കളും കൊഴിഞ്ഞുപോകും. 
* മത്സരക്ഷമതയുടെ പേരുപറഞ്ഞ് ശാഖകള്‍ അടച്ചുപൂട്ടും, ജീവനക്കാരെ പുറന്തള്ളും. 
* ബാക്കിയുള്ള ജീവനക്കാരെ സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലം മാറ്റും. 
* ലാഭകരമല്ലാത്ത ബിസിനസ് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി ചെറുകിടനിക്ഷേപകരെ നിരുത്സാഹപ്പെടുത്തും. 
* കുറഞ്ഞ തുകക്കുള്ള വായ്പകള്‍ ഇല്ലാതാകും. 

മാനേജ്മെന്‍റിന്‍െറ വാദം
* ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. ഇപ്പോള്‍തന്നെ എസ്.ബി.ടിയുടെ 30 ശതമാനത്തോളം ശാഖകള്‍ (325 എണ്ണം) വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്. അതിനാല്‍, 25 ശതമാനത്തിലധികം ജീവനക്കാര്‍ വിവിധ സംസ്ഥാനങ്ങളിലാണ് ജോലി ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് വരാനുള്ള സാധ്യത വര്‍ധിക്കും. 
* കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന വാദവും തെറ്റ്. എല്ലാ സംസ്ഥാനങ്ങളിലും എസ്.ബി.ഐക്ക് ലോക്കല്‍ ഹെഡ് ഓഫിസുകളുണ്ട്. സാധാരണക്കാര്‍, കോര്‍പറേറ്റുകള്‍ തുടങ്ങി എല്ലാവരുടെയും വായ്പകളില്‍ അതത് സംസ്ഥാനങ്ങളിലെ  ലോക്കല്‍ ഹെഡ് ഓഫിസിലാണ് തീരുമാനിക്കുക. 
* സാധാരണക്കാര്‍ക്കും വേണ്ട പരിഗണന കിട്ടും. ഇപ്പോള്‍ എസ്.ബി.ഐയിലെ കേരളത്തിലെ 450 ശാഖകളിലും സാധാരണക്കാര്‍ക്ക് വായ്പയും നിക്ഷേപവുമുണ്ട്. 
* എസ്.ബി.ടിക്കും എസ്.ബി.ഐക്കും അടുത്തടുത്തായി രണ്ട് ശാഖകളുണ്ടെങ്കില്‍ അത് ലയിപ്പിക്കും. അതല്ലാത്തവ നിര്‍ത്തലാക്കില്ല. എ.ടി.എമ്മുകളും അടച്ചുപൂട്ടില്ല. 
* ഓരോ സംസ്ഥാനത്തിന്‍െറയും ആവശ്യം മുന്നില്‍കണ്ട് വ്യത്യസ്ത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് എസ്.ബി.ഐ ശൈലി. ആ ശൈലി കേരളത്തിലും തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.