ന്യൂഡൽഹി: വ്യാജ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തിയതിന് പ്രമുഖ ഒാൺലൈൻ വ്യാപാരികളായ ആമസോണിനും ഫ്ലിപ്കാർട്ടിനും ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യയുടെ (ഡി.സി.ജി.െഎ) നോട്ടീസ്. 10 ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
ഒക്ടോബർ ആദ്യവാരം രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് മതിയായ വിലാസമോ നിയമപ്രകാരമുള്ള വിവരങ്ങളോ ഇല്ലാത്ത കോസ്മറ്റിക്സ് ഉൽപന്നങ്ങൾ ഒാൺലൈനിലൂടെ വിൽപന നടത്തുന്നതായി കണ്ടെത്തിയത്. അംഗീകാരമില്ലാത്ത ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് തടവും പിഴയും ഉൾപ്പെടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, വ്യാജ ഉൽപന്നങ്ങൾ തങ്ങളിലൂടെ വിൽപന നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കാറുണ്ടെന്നും ഇത്തരം ഉൽപന്നങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. മറ്റൊരു ഒാൺലൈൻ വ്യാപാരസ്ഥാപനമായ ഇന്ത്യമാർട്ടിനും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഇൗശ്വര റെഡ്ഡി പറഞ്ഞു. റെയ്ഡിൽ നാലു കോടി രൂപയുടെ ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
ഇത്തരം ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിൽനിന്ന് ഉപഭോക്താക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.