ന്യൂഡൽഹി: ആമസോൺ അവരുടെ ഒാൺലൈൻ വ്യാപാരം ഭാഗികമായി പുനരാരംഭിച്ചു. പലചരക്ക് സാധനങ്ങളുടെയും അത്യാവശ്യ വീട്ടുസാധനങ്ങളുടെയും ഓർഡറുകളാണ് നിലവിൽ സ്വീകരിക്കുന്നത്. ആമസോൺ പാൻട്രി സർവിസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവന സംവിധാനത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും തന്നെ വാങ്ങാൻ സാധിക്കില്ല.
ബംഗളുരു, ഹൈദരാബാദ്, പുനെ, തുടങ്ങിയ ചില പിൻകോഡുകളിൽ മാത്രമേ നിലവിൽ ആമസോൺ പാൻട്രി ലഭ്യമാവുകയുള്ളൂ. വൈകാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്. ലോക്ക്ഡൗണിന് മുമ്പ് ഒാർഡർ ചെയ്ത് കാത്തിരിക്കുന്ന ഉപയോക്താക്കളുടെ സാധനങ്ങളുടെ ഡെലിവറിക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് ആമസോൺ അറിയിച്ചു.
പുതിയ ഒാർഡറുകളുടെ ഡെലിവറിക്ക് ഏഴ് മുതൽ 10 വരെ ദിവസങ്ങളെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാരണം ഡെലിവറി ബോയ്സിന് സാധനങ്ങൾ എത്തിക്കുന്നതിൽ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ് വമ്പൻമാർ അവരുടെ സേവനം താൽക്കാലികമായി നിർത്തുകയായിരുന്നു.
വരാനിരിക്കുന്ന ദിവസങ്ങൾ മുന്നിൽ കണ്ട് ആളുകൾ പലചരക്ക് സാധനങ്ങൾ കണ്ടമാനം സ്റ്റോക് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സൊമാറ്റോ പുതിയ സേവനം കേരളത്തിലടക്കം ആരംഭിച്ചിരുന്നു. സൊമാറ്റോ മാർക്കറ്റ് എന്ന് പേര് നൽകിയിരിക്കുന്ന സേവനത്തിലൂടെ അരി, പയർ, മാവ് തുടങ്ങിയ സാധനങ്ങളാണ് നിലവിൽ ഡെലിവറി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.