ന്യൂഡൽഹി: 15ാം ധനകമീഷൻ രാജ്യത്തിെൻറ തെക്കൻ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന പരാതികൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലി തള്ളി. ജനസംഖ്യയും ജനസംഖ്യനിയന്ത്രണപുരോഗതിയും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളോട് ശരിയായ സന്തുലനം പാലിച്ചുകൊണ്ടാണ് പുതിയ ധനകമീഷെൻറ പരിഗണനാവിഷയം നിശ്ചയിച്ചത്. ഇക്കാര്യത്തിൽ പക്ഷപാതമില്ല. ജനസംഖ്യനിയന്ത്രണപുരോഗതി നേടിയ സംസ്ഥാനങ്ങളോട് വിവേചനവുമില്ല -ജെയ്റ്റ്ലി പ്രസ്താവനയിൽ പറഞ്ഞു.
ധനകമീഷൻ ശിപാർശ അടിസ്ഥാനപ്പെടുത്തിയാണ് ഒാരോ സംസ്ഥാനത്തിനും കേന്ദ്ര നികുതി വിഹിതം നിശ്ചയിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മിനിമം സേവന നിലവാരം ഉറപ്പാക്കാൻ പാകത്തിൽ സാമ്പത്തികപോരായ്മ പരിഹരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. യുക്തിസഹമായി, തുല്യതയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. ഒാേരാ സംസ്ഥാനത്തിെൻറയും യഥാർഥ ആവശ്യം മനസ്സിലാക്കാൻ ധനകമീഷൻ ഉചിതമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. ജനസംഖ്യ പ്രധാനമായൊരു ഘടകമാണ്. വരുമാന അന്തരമാണ് മറ്റൊന്ന്. ദരിദ്രവും ജനസാന്ദ്രവുമായ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് കൂടുതൽ പണം വേണ്ടിവരും.
2011ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കണമെന്ന് 14ാം ധനകമീഷനോട് പ്രത്യേകമായി നിർദേശിച്ചിരുന്നില്ല. എന്നാൽ, 1971 തൊട്ടുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധം ആ സെൻസസ് വിവരങ്ങളാണ് 14ാം ധനകമീഷൻ ഉപയോഗപ്പെടുത്തിയത്. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 10 ശതമാനം വെയിറ്റേജ് നൽകുകയും ചെയ്തു. കേന്ദ്രനികുതിയുടെ 42 ശതമാനം വിഹിതം 14ാം ധനകമീഷൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. ഇത് മുൻകാലങ്ങെളക്കാൾ കൂടുതലാണ്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ മികച്ച നേട്ടമുണ്ടാക്കിയ എല്ലാ സംസ്ഥാനങ്ങളുടെയും ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് പരിഗണനാവിഷയമെന്ന് ജെയ്റ്റ്ലി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.