ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിെൻറ തീവ്രത വർധിക്കുന്നതിനിടയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപയുടെ പഞ്ചവത്സര നിക്ഷേപ ലക്ഷ്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ 39 ശതമാനം വീതവും ബാക്കി സ്വകാര്യ മേഖലയും നിക്ഷേപം നടത്തുന്ന വിധമാണ് വിവിധ മേഖലകളിലെ നിർമാണ ലക്ഷ്യം. മാന്ദ്യംമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളും സ്വകാര്യ വ്യവസായികളും പുതിയ നിക്ഷേപത്തിന് മടിച്ചുനിൽക്കുേമ്പാൾതന്നെയാണ് പ്രഖ്യാപനം.
അടുത്ത അഞ്ചുവർഷംകൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയാക്കി വളർത്തുകയെന്ന പ്രതീക്ഷയുടെ ഭാഗമാണ് ഈ വൻകിട മുതൽമുടക്ക് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് പുതുവത്സര തലേന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചന നടത്തി പദ്ധതി നിർണയം നടത്താൻ കർമസമിതിയെ നിയോഗിച്ചിരുന്നു. 102 ലക്ഷം കോടിയുടെ പദ്ധതികളാണ് അവർ നിർദേശിച്ചത്. ലക്ഷ്യമിടുന്ന പദ്ധതികളിൽ 25 ലക്ഷം കോടി രൂപയുടേത് ഊർജ മേഖലയിലാണ്. റോഡിന് 20 ലക്ഷം കോടി; റെയിൽവേക്ക് 14 ലക്ഷം കോടി. വിദ്യാഭ്യാസം, നഗരവികസനം, ജലസേചനം, ഡിജിറ്റൽ രംഗം തുടങ്ങിയ മേഖലകളിലാണ് മറ്റ് പദ്ധതി നിർദേശങ്ങൾ. നടത്തിപ്പ് നാഷനൽ ഇൻഫ്രാസ്ട്രക്ചർ പൈപ്ലൈൻ എന്നു പേരിട്ട പുതിയ സംവിധാനത്തിനു കീഴിലായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുശേഷം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചേർന്ന് ആഗോള നിക്ഷേപ സംഗമം നടത്തും; പദ്ധതികളിലേക്ക് നിക്ഷേപം ക്ഷണിക്കും. കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് 51 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിട്ടതായി ധനമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.