തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ ജില്ല സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ അനുമതി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സഹകരണ ബാങ്കുകള്‍ 1000, 500 രൂപയുടെ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനോ മാറ്റി നല്‍കാനോ പാടില്ളെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രാഥമിക ബാങ്കുകളില്‍ കൂടി പഴയ നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാനം കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിച്ചതിനുപിന്നാലെയാണ് ഈ തീരുമാനം.
സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും ഏകസ്വരത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രിയെ മുഖ്യമന്ത്രി കണ്ടതിനുപുറമെ റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടറെ സഹകരണമന്ത്രിയും യു.ഡി.എഫ് നേതാക്കളും വെവ്വേറെ കണ്ടും ഈ ആവശ്യമുന്നയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഇത് നിരാകരിച്ചതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ പ്രതിസന്ധിയിലായി. അതിനു പുറമെ, ഈ തീരുമാനം സഹകരണ മേഖലയിലാകെ ആശങ്കയുമുയര്‍ത്തിയിരിക്കുകയാണ്.
എന്നാല്‍, ജില്ല സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആഴ്ചയില്‍ 24,000 രൂപ എന്ന പരിധിയില്‍ അവരുടെ അക്കൗണ്ടിലുള്ള പണം നല്‍കാന്‍ അനുവദിച്ചിട്ടുണ്ട്. നവംബര്‍ 24 വരെയാണ് അനുമതി. ജില്ല ബാങ്കുകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലെ പണം ആവശ്യം നോക്കി പിന്‍വലിക്കാന്‍ അനുവാദം നല്‍കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശമുണ്ട്. സഹകരണ ബാങ്കിന്‍െറ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ആഴ്ചയില്‍ 24,000 രൂപയെന്ന പരിധി ബാധകമാക്കില്ല. ഇത് സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാന്‍ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീണ്ടും കത്തയക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. സംസ്ഥാനത്തെ 1551 പ്രാഥമിക സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം അദ്ദേഹം റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജനല്‍ ഡയറക്ടര്‍ എസ്.എം.എന്‍. സ്വാമിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. പണം പിന്‍വലിക്കുന്നതിന് വ്യക്തികള്‍ക്ക് ബാധകമാക്കിയ നിയന്ത്രണങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയ നടപടി പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.